വയനാട്: വയനാട് കള്ളാടിയില്‍ തുരങ്കപാത നിര്‍മാണ പ്രദേശത്തുണ്ടായ വന്‍ മണ്ണിടിച്ചില്‍ മേഖലയില്‍ കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി തുടരുന്നു. ദുരന്തത്തില്‍ കാണാതായവര്‍ മണ്ണിനടിയില്‍ തന്നെയുണ്ടെന്ന നിഗമനത്തിലാണ് എന്‍ഡിആര്‍എഫും ഫയര്‍ ഫോഴ്സും പൊലീസും ഉള്‍പ്പെടുന്ന സംയുക്ത സംഘം. ദുരന്തമേഖലയിലെ മണ്ണ് പൂര്‍ണമായി മാറ്റി തെരച്ചില്‍ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും എടുക്കുമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ സമീപ പ്രദേശത്തെ തോടുകള്‍ കേന്ദ്രീകരിച്ച് വിപുലമായ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല.
അതേസമയം, കള്ളാടി ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇവരുള്ളത്. 19കാരനായ ദിലീപ്, 29 കാരനായ റജിനീഷ് എന്നിവരാണ് തീവ്രപരിചരണ വിഭാഗത്തില്‍ (ICU) കഴിയുന്നത്. അപകടത്തെത്തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ എത്തിച്ച പത്തു പേരില്‍ മൂന്ന് പേര് ഇന്ന് ആശുപത്രി വിട്ടു. രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ മേപ്പാടി പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉള്‍പ്പെടെയുള്ളവരാണ് ഡിസ്ചാര്‍ജ് ആയത്. പരുക്കേറ്റ മറ്റ് അഞ്ച് പേരെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ഏക മലയാളി സൈറ്റ് എഞ്ചിനീയറായ എറണാകുളം സ്വദേശി കുഞ്ചു ടി.കെ ആണ്.

ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ട മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ ഇന്ന് തന്നെ ജന്മനാടുകളില് എത്തിക്കും. മധ്യപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് സ്വദേശികളായ ഇവരുടെ മൃതദേഹങ്ങളുടെ എംബാമിങ് നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വൈകിട്ടോടെ മൃതദേഹങ്ങള്‍ വിമാനമാര്‍ഗം നാട്ടിലേക്ക് അയക്കും. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
