കൊച്ചി:നടി അൻസിബ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ നടൻ ടിനി ടോം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എറണാകുളം സെഷൻസ് കോടതിയിലാണ് ടിനി ടോം അപേക്ഷ നൽകിയത്.അൻസിബക്കെതിരെ ജിഹാദി പരാമർശം നടത്തിയെന്ന പരാതിയിലാണ് കടവന്ത്ര പൊലീസ് ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെയുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കോടതിയുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
താരസംഘടനയായ ‘അമ്മ’യിൽ ഉന്നയിച്ച പരാതികൾ ഗൗരവമായി പരിഗണിച്ചില്ലെന്നും, തന്നെ ‘ജിഹാദി’ എന്ന് വിശേഷിപ്പിക്കുകയും മതംമാറ്റാൻ ശ്രമിച്ചുവെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുകയും വംശീയവും വ്യക്തിപരവുമായ അധിക്ഷേപങ്ങൾക്ക് വിധേയയാക്കുകയും ചെയ്തതായി ആരോപിച്ചാണ് അൻസിബ ആദ്യം പരാതി നൽകിയത്.

തുടർന്ന് കടവന്ത്ര പൊലീസിനെ സമീപിച്ചെങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായിരുന്നില്ല. പരാതിയിൽ ആരോപണവിധേയരായ ടിനി ടോം ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്ത ശേഷവും കേസ് എടുക്കാൻ മതിയായ തെളിവുകളില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
ഇതിനെത്തുടർന്ന് കൂടുതൽ തെളിവുകൾ ഹാജരാക്കി അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയിൽ പ്രാഥമികമായി കേസെടുക്കാൻ അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയ കോടതി, എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതും ടിനി ടോം മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതും.
