വിനിപെഗ്: മാനിറ്റോബയിലുള്ള റൂറല്‍ മുന്‍സിപ്പാലിറ്റി സെന്റ് ആന്‍ഡ്രൂസ് മേയര്‍ ജോയ് സള്‍ (Joy Sul) സ്വന്തം മുന്‍സിപാലിറ്റിക്കെതിരെ നിയമനടപടിയുമായ രംഗത്ത്. തന്റെ ഔദ്യോഗിക പദവി സംരക്ഷിക്കുന്നതിനായി നടത്തിയ നിയമപോരാട്ടത്തിന്റെ ചിലവുകള്‍ നഗരസഭാ കൗണ്‍സില്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. കൗണ്‍സില്‍ പാസാക്കിയ നിയമവിരുദ്ധമായ ഉപനിയമത്തിനെതിരെ (Bylaw) പോരാടിയതില്‍ തനിക്കുണ്ടായ 49,026.46 ഡോളര്‍ (ഏകദേശം 50,000 ഡോളര്‍) തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 30നാണ് മേയര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
തര്‍ക്കങ്ങളുടെ തുടക്കം 2019 ഡിസംബറിലാണ്. മേയറായ ജോയ് സളളിനെ കൗണ്‍സില്‍ യോഗങ്ങളില്‍ അധ്യക്ഷത വഹിക്കുന്നതില്‍ നിന്നും നഗരസഭയുടെ ഔദ്യോഗിക വക്താവായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് കൗണ്‍സില്‍ ഒരു ഉപനിയമം പാസാക്കിയിരുന്നു. മലിനജല സംസ്‌കരണ പദ്ധതിയുമായി ബന്ധപ്പെട്ട് മേയറും കൗണ്‍സിലര്‍മാരും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ഇതിലേക്ക് നയിച്ചത്. ഈ വിലക്കിനെതിരെ ജോയ് സള്‍ കോടതിയെ സമീപിച്ചു. ആദ്യഘട്ടത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും, 2023ല്‍ മാനിറ്റോബ അപ്പീല്‍ കോടതി കൗണ്‍സിലിന്റെ ഉപനിയമം റദ്ദാക്കുകയും അത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന്, വലിയ തുക സ്വന്തം കൈയില്‍ നിന്ന് ചിലവഴിച്ച മേയര്‍, ഈ തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് 2024 ജൂലൈയില്‍ മുന്‍സിപ്പാലിറ്റിക്ക് അപേക്ഷ നല്‍കി.

എന്നാല്‍ ഒരു വര്‍ഷത്തോളം ഈ അപേക്ഷയില്‍ തീരുമാനമെടുക്കാതിരുന്ന കൗണ്‍സില്‍, ഈ വര്‍ഷം ജൂണ്‍ 9-ന് നടത്തിയ വോട്ടെടുപ്പില്‍ തുക അനുവദിക്കാന്‍ കഴിയില്ലെന്ന് പ്രമേയം പാസാക്കുകയായിരുന്നു. കൗണ്‍സിലിന്റെ ഈ തീരുമാനം പ്രവിശ്യാ മുന്‍സിപ്പല്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും മേയര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കൗണ്‍സിലിന് തന്നോട് വ്യക്തിപരമായ വിരോധമുണ്ടെന്നും അവര്‍ ആരോപിച്ചു.
താന്‍ കോടതിയിലേക്ക് വീണ്ടുമൊരു പോരാട്ടത്തിന് ആഗ്രഹിച്ചിരുന്നില്ലെന്ന് മേയര്‍ ജോയ് സുല്‍ വ്യക്തമാക്കി. ‘കോടതിക്ക് പുറത്ത് ഈ വിഷയം പരിഹരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു, എന്നാല്‍ കൗണ്‍സില്‍ അതിന് തയ്യാറാകാത്തതിനാലാണ് നിയമപരമായ വഴി തേടേണ്ടി വന്നത്. വ്യക്തിപരമായ സാമ്പത്തിക ലാഭത്തിനോ നഷ്ടപരിഹാരത്തിനോ വേണ്ടിയല്ല ഈ കേസ്. ജനങ്ങള്‍ തിരഞ്ഞെടുത്ത എന്റെ പദവി സംരക്ഷിക്കാന്‍ എനിക്ക് യഥാര്‍ത്ഥത്തില്‍ ചിലവായ തുക തിരികെ കിട്ടാന്‍ മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്,’ അഭിഭാഷകന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
വിനിപെഗിന് വടക്കുള്ള ഈ മുന്‍സിപ്പാലിറ്റിയില്‍ 2018-ലാണ് ജോയ് സള്‍ ആദ്യമായി മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 2022-ല്‍ നടന്ന തിരഞ്ഞെടുപ്പിലും 60 ശതമാനത്തിലധികം വോട്ട് നേടി അവര്‍ ഈ പദവിയില്‍ വീണ്ടും നിയമിതയായി.
