Saturday, July 11, 2026

ഗൗര്‍ഡി ഹൗ അന്താരാഷ്ട്ര പാലം ജൂലൈ അവസാനത്തോടെ തുറക്കും; വരുമാനം വേണ്ടെന്നുവെക്കാന്‍ കാനഡ

ഓട്ടവ: കാനഡയെയും അമേരിക്കയെയും ബന്ധിപ്പിക്കുന്ന ‘ഗോര്‍ഡി ഹോവ് ഇന്റര്‍നാഷണല്‍ ബ്രിഡ്ജ്’ (Gordie Howe International Bridge) ഈ മാസം അവസാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ജൂലൈ 27-ന് പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് കാനഡയുടെ ഹൗസിങ്, കമ്മ്യൂണിറ്റീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വകുപ്പ് സ്ഥിരീകരിച്ചു. കാനഡയിലെ ഒന്റാരിയോയിലുള്ള വിന്‍ഡ്‌സറിനെയും യുഎസിലെ മിഷിഗണിലുള്ള ഡെട്രോയിറ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പുതിയ കേബിള്‍ പാലം മേഖലയിലെ അതിര്‍ത്തി കടന്നുള്ള വ്യാപാരവും ഗതാഗതവും സുഗമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ആദ്യ കരാറിലെ വ്യവസ്ഥകളില്‍ വരുത്തിയ വലിയ മാറ്റങ്ങള്‍ കാരണം കാനഡയ്ക്ക് വലിയ സാമ്പത്തിക വരുമാന നഷ്ടമുണ്ടാകുമെന്നാണ് പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

2012ല്‍ ഒപ്പുവെച്ച കാനഡ-മിഷിഗണ്‍ ക്രോസിങ് കരാര്‍ പ്രകാരം പാലത്തിന്റെ നിര്‍മ്മാണത്തിനായുള്ള 640 കോടി ഡോളര്‍ (6.4 Billion USD) പൂര്‍ണ്ണമായും കാനഡയായിരുന്നു മുടക്കിയത്. പാലം തുറന്നതിനു ശേഷം നിര്‍മ്മാണച്ചെലവ് പൂര്‍ണ്ണമായി തിരിച്ചുപിടിക്കുന്നത് വരെ ടോള്‍ വരുമാനത്തിന്റെ 100 ശതമാനവും കാനഡയ്ക്ക് ലഭിക്കുമെന്നായിരുന്നു ആദ്യ ധാരണ. 50 വര്‍ഷമെങ്കിലും എടുത്തായിരിക്കും ഈ തുക കാനഡയ്ക്ക് വീണ്ടെടുക്കാനാകുക എന്ന് കണക്കാക്കിയിരുന്നു. അതിനുശേഷം മാത്രമേ വരുമാനം ഇരുരാജ്യങ്ങളും തുല്യമായി വീതിക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. 2018-ല്‍ നിര്‍മ്മാണം തുടങ്ങിയ ഈ പാലം വടക്കേ അമേരിക്കയിലെ ഏറ്റവും നീളമേറിയ അഞ്ച് പാലങ്ങളില്‍ ഒന്നാണ്.

എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിലവിലെ കരാര്‍ പരിഷ്‌കരിച്ചതോടെ കാനഡയ്ക്ക് ആദ്യ ധാരണപ്രകാരമുള്ള പൂര്‍ണ്ണ വരുമാനം നഷ്ടമാകും. പുതിയ കരാര്‍ പ്രകാരം ആദ്യ 15 വര്‍ഷങ്ങളില്‍ ടോള്‍ ലാഭത്തിന്റെ 50 ശതമാനം മാത്രമായിരിക്കും കാനഡയ്ക്ക് ലഭിക്കുക. ബാക്കി 50 ശതമാനം ഇരുരാജ്യങ്ങള്‍ക്കുമായി രൂപീകരിക്കുന്ന ഒരു സാമ്പത്തിക വികസന ഫണ്ടിലേക്ക് (Economic Development Fund) മാറ്റും. എന്നാല്‍ ഈ ഫണ്ട് ആര് നിയന്ത്രിക്കുമെന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കൂടാതെ, ടോള്‍ നിരക്കുകള്‍ 10 ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കാനോ പ്രാദേശിക ശരാശരിയേക്കാള്‍ കുറയ്ക്കാനോ കാനഡ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് യുഎസിന്റെ മുന്‍കൂര്‍ അനുമതിയും ഇനി ആവശ്യമാണ്.

കാനഡ വ്യാപാര രംഗത്ത് അമേരിക്കയോട് നീതി പുലര്‍ത്തുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയതോടെയാണ് പാലം തുറക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ രൂക്ഷമായത്. ട്രംപിന്റെ അനുഭാവിയും തൊട്ടടുത്തുള്ള അംബാസഡര്‍ ബ്രിഡ്ജിന്റെ ഉടമയുമായ വ്യവസായി യുഎസ് കൊമേഴ്‌സ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയതാണ് പാലം വൈകാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പാലം തുറക്കുമെന്ന് സൂചന നല്‍കിയിരുന്നെങ്കിലും യുഎസിന്റെ കടുത്ത നിലപാടുകള്‍ കാരണം ചടങ്ങുകള്‍ മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ നയതന്ത്ര ചര്‍ച്ചകളിലാണ് കാനഡ പുതിയ സാമ്പത്തിക വ്യവസ്ഥകള്‍ക്ക് സമ്മതിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!