വാഷിങ്ടണ്‍: അമേരിക്കയില്‍ വംശനാശഭീഷണി നേരിടുന്ന വന്യജീവികള്‍ക്കും സസ്യങ്ങള്‍ക്കും പതിറ്റാണ്ടുകളായി സംരക്ഷണം നല്‍കിയിരുന്ന ചരിത്രപ്രസിദ്ധമായ പരിസ്ഥിതി നിയമം അട്ടിമറിച്ച് ട്രംപ് ഭരണകൂടം. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വാസസ്ഥലങ്ങളില്‍ ഇനിമുതല്‍ എണ്ണ ഖനനം, മറ്റ് ഖനന പ്രവര്‍ത്തനങ്ങള്‍, കൃഷി, റിയല്‍ എസ്റ്റേറ്റ് വികസനം എന്നിവ അനുവദിച്ചുകൊണ്ട് യുഎസ് ആഭ്യന്തര-വാണിജ്യ വകുപ്പുകള്‍ പുതിയ ഭേദഗതിക്ക് അന്തിമരൂപം നല്‍കി. പുതിയ ഭേദഗതി പ്രകാരം വന്യജീവികളെ നേരിട്ട് വേട്ടയാടുന്നതും കൊല്ലുന്നതും മാത്രമായിരിക്കും ഇനിമുതല്‍ കുറ്റകരമായി കണക്കാക്കുക. പുതിയ നിയമ ഭേദഗതി വരും ദിവസങ്ങളില്‍ ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിക്കും.
വന്യജീവികളുടെ വാസസ്ഥലങ്ങള്‍ക്ക് നാശം വരുത്തുന്നത് കര്‍ശനമായി നിരോധിക്കുന്നതായിരുന്നു 1973-ലെ ചരിത്രപ്രസിദ്ധമായ ‘എന്‍ഡേഞ്ചേര്‍ഡ് സ്പീഷീസ് ആക്ട്’. ജീവികളുടെ വംശവര്‍ദ്ധനവിനെയും ഭക്ഷണ സമ്പാദനത്തെയും ബാധിക്കുന്ന തരത്തിലുള്ള വാസസ്ഥല വ്യതിയാനങ്ങള്‍ നിയമവിരുദ്ധമാണെന്നാണ് ഈ നിയമം അനുശാസിക്കുന്നത്. ഇത് 1995-ല്‍ യുഎസ് സുപ്രീം കോടതിയും ശരിവെച്ചിരുന്നു. എന്നാല്‍, ഈ പഴയ നിര്‍വചനം കാലഹരണപ്പെട്ടതാണെന്നാണ് ട്രംപ് സര്‍ക്കാരിന്റെ വാദം. അനാവശ്യമായ നിയന്ത്രണങ്ങള്‍ ബിസിനസ്സ് മേഖലയുടെ കൈകള്‍ കെട്ടിയിടുകയാണെന്ന് യുഎസ് ആഭ്യന്തര സെക്രട്ടറി ഡഗ് ബര്‍ഗം പ്രസ്താവിച്ചു. വര്‍ഷങ്ങളായി ഫെഡറല്‍ ഏജന്‍സികള്‍ ഈ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും ഇത് നിയമപരമായ ഭൂവിനിയോഗത്തെ തടസ്സപ്പെടുത്തി വ്യവസായങ്ങള്‍ക്ക് ബാധ്യതയാവുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ പരിഷ്‌കാരം വന്യജീവി സംരക്ഷണത്തോടൊപ്പം സ്വകാര്യ സ്വത്തവകാശത്തെയും ബഹുമാനിക്കുന്നതാണെന്നും, അനാവശ്യ നിയന്ത്രണങ്ങള്‍ നീങ്ങുന്നത് മത്സ്യത്തൊഴിലാളികള്‍ക്കും ആശ്വാസമാകുമെന്ന് വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്നിക് വ്യക്തമാക്കി.

എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. വാസസ്ഥലം നഷ്ടപ്പെടുന്നതാണ് ഒരു ജീവിവര്‍ഗ്ഗം ഭൂമിയില്‍ നിന്ന് തുടച്ചുനീക്കപ്പെടാനുള്ള പ്രധാന കാരണമെന്ന് പരിസ്ഥിതി സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ തീരുമാനത്തിനെതിരെ ഉടന്‍ കോടതിയെ സമീപിക്കുമെന്ന് ‘എര്‍ത്ത് ജസ്റ്റിസ്’ പോലുള്ള പ്രമുഖ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഈ നിയമപോരാട്ടം വീണ്ടും സുപ്രീം കോടതിയില്‍ എത്തിയാല്‍, തീവ്ര യാഥാസ്ഥിതിക നിലപാടുകള്‍ എടുത്തുവരുന്ന നിലവിലെ കോടതിയില്‍ നിന്ന് അനുകൂല വിധി നേടുക പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. മെക്‌സിക്കോ ഉള്‍ക്കടലിലെ അതീവ വംശനാശഭീഷണി നേരിടുന്ന റൈസസ് തിമിംഗലങ്ങളുടെ സംരക്ഷിത മേഖലയില്‍ എണ്ണ-വാതക ഖനനത്തിന് നേരത്തെ തന്നെ ട്രംപ് ഭരണകൂടം അനുമതി നല്‍കിയിരുന്നു.
