ടെഹ്‌റാൻ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമാകുമെന്ന ആശങ്കകൾക്കിടെ ഹോർമൂസ് കടലിടുക്ക് വഴിയുള്ള സ്വന്തം ചരക്കുനീക്കം ഇറാൻ വേഗത്തിലാക്കിയതായി റിപ്പോർട്ടുകൾ. മേഖലയിലെ സുരക്ഷാ ആശങ്കകൾ കാരണം അന്താരാഷ്ട്ര വാണിജ്യ കപ്പൽഗതാഗതം മന്ദഗതിയിലായിരുന്നു. ഈ സാഹചര്യത്തിലും ഇറാൻ എണ്ണയും മറ്റ് ചരക്കുകളും വഹിക്കുന്ന കപ്പലുകളുടെ ഗതാഗതം തുടരുകയാണെന്നാണ് അന്താരാഷ്ട്ര ഷിപ്പിങ് നിരീക്ഷണ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഷിപ് ട്രാക്കിങ് സ്ഥാപനമായ വിൻഡ്‌വാർഡ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ജൂലൈ 9-നും 10-നും ഇടയിലുള്ള 12 മണിക്കൂറിനിടെ ഹോർമൂസ് കടലിടുക്ക് വഴി ആറ് വാണിജ്യ കപ്പലുകൾ മാത്രമാണ് സഞ്ചരിച്ചത്. ഇതോടെ തുടർച്ചയായ മൂന്നാം ദിവസവും കപ്പൽഗതാഗതത്തിൽ ഇടിവ് രേഖപ്പെടുത്തി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇതേ സമയപരിധിയിൽ 18 മുതൽ 22 വരെ കപ്പലുകൾ കടന്നുപോയിരുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം, ട്രാക്കിങ് സംവിധാനങ്ങൾ ഓഫ് ചെയ്ത് സഞ്ചരിക്കുന്ന ‘ഡാർക്ക് ട്രാൻസിറ്റുകളുടെ’ എണ്ണത്തിലും വർധനയുണ്ടായതായി വിൻഡ്‌വാർഡ് വ്യക്തമാക്കി. കപ്പലുകളുടെ തിരിച്ചറിയൽ സംവിധാനമായ ട്രാൻസ്‌പോണ്ടർ ഓഫ് ചെയ്ത് സഞ്ചരിക്കുന്ന രീതിയെയാണ് ‘ഡാർക്ക് ട്രാൻസിറ്റ്’ എന്ന് വിശേഷിപ്പിക്കുന്നത്. നിലവിൽ ഹോർമൂസ് വഴി കടന്നുപോകുന്ന കപ്പലുകളിൽ ഏകദേശം 40 ശതമാനവും ഈ രീതിയിലാണ് സഞ്ചരിക്കുന്നതെന്നും, കഴിഞ്ഞ ആറു ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഹോർമൂസ് കടലിടുക്ക് കടന്നുപോയ 101 കപ്പലുകളിൽ മൂന്നിലൊന്നും ഇറാന്റെ തീരത്തോട് ചേർന്ന കപ്പൽപാതകളാണ് ഉപയോഗിച്ചതെന്നാണ് വിവരം. ഇവയിൽ ഭൂരിഭാഗവും ഇറാനിലേക്ക് ചരക്കുകൾ എത്തിക്കുന്നതോ ഇറാനിയൻ എണ്ണ അന്താരാഷ്ട്ര വിപണിയിലേക്ക് കൊണ്ടുപോകുന്നതോ ആയിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ, യുഎസും ഇറാനും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും സംഘർഷാവസ്ഥ രൂപപ്പെട്ടതിനെ തുടർന്ന്, മുമ്പ് നൽകിയിരുന്ന ഉപരോധ ഇളവുകൾ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പിൻവലിച്ചിരുന്നു. ഹോർമൂസ് മേഖലയിലെ കപ്പൽഗതാഗതത്തിന് നേരെ ആക്രമണം ഉണ്ടായാൽ ഇറാന്റെ കപ്പലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹോർമുസ് കടലിടുക്ക് ആഗോള എണ്ണക്കയറ്റുമതിയുടെ പ്രധാന പാതകളിലൊന്നായതിനാൽ, മേഖലയിലെ ഏത് സുരക്ഷാ പ്രതിസന്ധിയും അന്താരാഷ്ട്ര ഊർജവിപണിയെയും സമുദ്രവ്യാപാരത്തെയും നേരിട്ട് ബാധിക്കുമെന്ന ആശങ്ക തുടരുകയാണ്.
