ചെന്നൈ: പ്രശസ്ത പിന്നണി ഗായിക എസ് ജാനകി അന്തരിച്ചു.88 വയസായിരുന്നു. മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ശ്വസന സംബന്ധമായ അസ്വസ്ഥതകളെ തുടർന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ജാനകി വൈകിട്ട് 7.30ഓടെയാണ് മരിച്ചത്.കൊച്ചുമകൾ അപ്സര വിദ്യുല സോഷ്യൽ മീഡിയയിലൂടെയാണ് മരണവിവരം പങ്കുവെച്ചത്. കുടുംബം കടുത്ത ദുഃഖത്തിലാണെന്നും ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും അപ്സര അഭ്യർഥിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി 40,000ത്തിലേറെ ഗാനങ്ങൾ ആലപിച്ച അപൂർവ പ്രതിഭയായിരുന്നു എസ് ജാനകി. 17 ഭാഷകളിൽ അവർ ഗാനങ്ങൾ പാടിയിട്ടുണ്ട്. ആന്ധ്രപ്രദേശ് സ്വദേശിയായ ജാനകിക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ ലഭിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ഇവരെ തേടിയെത്തി.
2013ൽ രാജ്യം പത്മഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയെന്ന് ചൂണ്ടിക്കാട്ടി ജാനകി പുരസ്കാരം സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നു.ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച എസ് ജാനകിയുടെ വിയോഗം സംഗീതപ്രേമികൾക്ക് വലിയ നഷ്ടമാണ്.
