Saturday, July 11, 2026

6 വയസ്സുകാരനായി തിരച്ചിൽ തുടരുന്നു; ആംബർ അലർട്ട് റദ്ദാക്കിയതായി RCMP

എഡ്മിന്റൻ: ആറ് വയസ്സുകാരനായ ലനകായ് മോറിസണെ കാണാതായ സംഭവത്തിൽ ആൽബർട്ടയിലും ബ്രിട്ടീഷ് കൊളംബിയയിലും പുറപ്പെടുവിച്ചിരുന്ന ആംബർ അലർട്ടുകൾ പൊലീസ് റദ്ദാക്കി. എന്നാൽ കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.ജൂലൈ 9ന് ആൽബർട്ടയിലെ വാൽഹല്ല സെന്റർ എന്ന പ്രദേശത്ത് നിന്നാണ് ലനകായിയെ കാണാതായത്. ഗ്രാൻഡ് പ്രെയറിക്ക് ഏകദേശം 63 കിലോമീറ്റർ വടക്കുപടിഞ്ഞാറായി, ബ്രിട്ടീഷ് കൊളംബിയ അതിർത്തിക്ക് സമീപമാണ് ഈ പ്രദേശം.

കുട്ടിയെ അമ്മയായ 35കാരി ക്രിസ്റ്റ മോറിസൺ, അവരുടെ പങ്കാളിയായ 35കാരൻ ഡാനിയൽ ലുഡ്വിഗ്, കൂടാതെ നാലുവയസ്സുകാരനായ കാൾ മോറിസൺ എന്നിവർക്കൊപ്പമാണെന്നാണ് പൊലീസ് കരുതുന്നത്. കുടുംബ കോടതിയുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉത്തരവുകളുമാണ് ഈ സംഭവത്തിലേക്ക് നയിച്ചതെന്ന നി​ഗമനത്തിലാണ് ആർസിഎംപി.

ബുധനാഴ്ച രാവിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഫോർട്ട് സെന്റ് ജോണിൽ കുട്ടിയെ കണ്ടതായി പൊലീസ് അറിയിച്ചു. തുടർന്ന് പ്രവിശ്യ മുഴുവൻ ഉൾപ്പെടുന്ന രീതിയിൽ തിരച്ചിൽ വ്യാപിപ്പിക്കുകയും നോർത്ത്‌വെസ്റ്റ് ടെറിട്ടറീസിന്റെയും യുകോണിന്റെയും ചില ഭാഗങ്ങളിലേക്കും അന്വേഷണം നടത്തിയിരുന്നു. എന്നാൽ കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല.

ആൽബർട്ട ആർസിഎംപി വെള്ളിയാഴ്ച വൈകുന്നേരമാണ് ആംബർ അലർട്ട് റദ്ദാക്കിയത്. പൊതുജനങ്ങൾക്ക് നിർദേശങ്ങൾ നൽകി സഹായിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അലർട്ട് പിൻവലിച്ചതെന്ന് പൊലീസ് അറിയിച്ചു. ബ്രിട്ടീഷ് കൊളംബിയ ആർസിഎംപിയും പിന്നീട് അലർട്ട് റദ്ദാക്കിയെങ്കിലും അതിന് വ്യക്തമായ വിശദീകരണമോ പുതിയ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

തിരിച്ചറിയാനുള്ള അടയാളങ്ങൾ:

ലാനകൈ മോറിസൺ (കുട്ടി): മെലിഞ്ഞ ശരീരം, നീളമുള്ള തവിട്ടുനിറത്തിലുള്ള മുടി, തവിട്ടുനിറത്തിലുള്ള കണ്ണുകൾ.

ക്രിസ്റ്റാ മോറിസൺ (മാതാവ്): 5 അടി 8 ഇഞ്ച് ഉയരം, ഇടത്തരം ശരീരം, നീളമുള്ള കടും തവിട്ടുനിറത്തിലുള്ള മുടി, തവിട്ടുനിറത്തിലുള്ള കണ്ണുകൾ.

ഡാനിയൽ ലുഡ്വിഗ് (പങ്കാളി): 5 അടി 11 ഇഞ്ച് ഉയരം, തടിച്ച ശരീരം, തവിട്ടുനിറത്തിലുള്ള മുടിയും കണ്ണുകളും.

ആദ്യം പൊലീസ് അന്വേഷിച്ചിരുന്ന കറുത്ത നിറത്തിലുള്ള 2015 ടൊയോട്ട ടുണ്ട്ര വാഹനം പിന്നീട് കണ്ടെത്തി. കുട്ടിയെ കൊണ്ടുപോകുന്നവർ വാഹനം മാറ്റിയിരിക്കാമെന്നും ഇപ്പോൾ ആൽബർട്ട നമ്പർ പ്ലേറ്റ് CXW8820 ഉള്ള 2006 ചുവന്ന ഫോർഡ് F350 വാഹനത്തിലാണ് സഞ്ചരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ 911ൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. സംശയിക്കുന്ന വാഹനത്തെയോ വ്യക്തികളെയോ സമീപിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!