കിച്ചനർ: കാനഡയിലെ പ്രവാസി മലയാളികള്‍ക്ക് ഓണാഘോഷങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ അവസരമൊരുക്കിക്കൊണ്ട് ‘മലയാളിഹെല്പ്’ (Malayalihelp) സംഘടിപ്പിക്കുന്ന ‘KW കാര്‍ണിവല്‍ 2026’ ഓഗസ്റ്റ് 22 ശനിയാഴ്ച നടക്കും. കേംബ്രിഡ്ജിലെ പ്രശസ്തമായ ഫ്രഞ്ച് ക്ലബ്ബിലാണ് (647 Franklin Blvd, Cambridge) ഈ മെഗാ മേള അരങ്ങേറുന്നത്. ഓണത്തിന് മുന്നോടിയായി കേരളീയ തനിമ കോര്‍ത്തിണക്കി ഒരുക്കുന്ന ഈ മഹാസംഗമം രാവിലെ 10 മണിക്ക് ആരംഭിച്ച് രാത്രി 9 മണി വരെ നീണ്ടുനില്‍ക്കും. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി പ്രവേശനവും പാര്‍ക്കിങും പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കാനഡയിലെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ കാര്‍ണിവലില്‍ അതിഥികളായി പങ്കെടുക്കും. കേരളത്തിന്റെ തനതായ കലാരൂപങ്ങളും ആധുനിക യുവത്വത്തിന്റെ ആഘോഷങ്ങളും ഒരേപോലെ കോര്‍ത്തിണക്കിയാണ് ഇത്തവണത്തെ കാര്‍ണിവല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇരുന്നൂറിലധികം പെണ്‍കുട്ടികള്‍ ചുവടുവെക്കുന്ന മെഗാ തിരുവാതിരയായിരിക്കും കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം വിസ്മയക്കാഴ്ചകളൊരുക്കി മാവേലി തമ്പുരാന്റെ എഴുന്നള്ളത്തും, ആവേശമുണര്‍ത്തി ശിങ്കാരിമേളവും മേളയ്ക്ക് കൊഴുപ്പേകും. പ്രമുഖ ഡാന്‍സ് അക്കാദമികള്‍ ഒരുക്കുന്ന വൈവിധ്യമാര്‍ന്ന നൃത്തവിരുന്നുകളും വേദിയില്‍ അരങ്ങേറും.

നാട്ടിലെ ഓണച്ചന്തകളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള വിപുലമായ ഷോപ്പിങ് മാമാങ്കവും നാടന്‍ രുചികളുമാണ് മേളയുടെ മറ്റൊരു ആകര്‍ഷണം. മുപ്പതോളം വൈവിധ്യമാര്‍ന്ന ബിസിനസ്/ക്രാഫ്റ്റ് സ്റ്റാളുകളാണ് കാര്‍ണിവലില്‍ ഒരുങ്ങുന്നത്. കൂടാതെ, തനത് നാടന്‍ ഭക്ഷണവിഭവങ്ങളുമായി പതിനഞ്ചിലധികം ഫുഡ് സ്റ്റാളുകളും മേളയിലുണ്ടാകും. കാനഡയിലെ മലയാളി സംരംഭകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള മികച്ചൊരു അവസരം കൂടിയാണിത് ഈ സ്റ്റാളുകളിലൂടെ കൈവരുന്നത്.
യുവാക്കളെയും കുട്ടികളെയും ഒരുപോലെ ആവേശത്തിലാഴ്ത്താന്‍ മുഴുവന്‍ സമയ ഡി.ജെ പാര്‍ട്ടിയും ബെല്ലി ഡാന്‍സും ഒരിക്കിയിട്ടുണ്ട്. ഇതോടൊപ്പം ആവേശമുണര്‍ത്തുന്ന വടംവലി മത്സരം, തീറ്റ മത്സരം, ഡാന്‍സ് കോമ്പറ്റീഷന് എന്നിവയും കാര്‍ണിവലിന്റെ ഭാഗമായി നടക്കും. പരിപാടി വിജയകരമാക്കാന്‍ കാനഡയിലെ എല്ലാ മലയാളികളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് ‘മലയാളിഹെല്പ്’ സംഘാടകര്‍ അറിയിച്ചു.
