എഡ്മിന്റൻ: കാനഡയിലെ തെക്കുപടിഞ്ഞാറൻ കാൽഗറിയിൽ തിങ്കളാഴ്ച രാവിലെ ട്രെയിൻ പാളം തെറ്റി. നിരവധി ബോഗികൾ സമീപത്തെ ജലാശയത്തിലേക്ക് മറിഞ്ഞു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.രാവിലെ 7.50ഓടെയാണ് അപകടം നടന്നത്. സ്റ്റോണി ട്രെയിലും മക്ലിയോഡ് ട്രെയിലും സംഗമിക്കുന്ന പ്രദേശത്തിന് സമീപം, ഷെറിഫ് കിങ് സ്ട്രീറ്റിന്റെ കിഴക്കുഭാഗത്താണ് ട്രെയിൻ പാളം തെറ്റിയത്.
അപകടത്തെ തുടർന്ന് നിരവധി റെയിൽ ബോഗികൾ പാളം വിട്ട് സമീപത്തെ ജലാശയത്തിലേക്ക് വീണു. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ കുറഞ്ഞത് ആറോളം ബോഗികൾ പാളം തെറ്റിയതും അവയിൽ ചിലത് ഭാഗികമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതും കാണാം.പൊലീസും അഗ്നിശമന സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

സുരക്ഷാ കാരണങ്ങളാൽ പൊതുജനങ്ങൾ സംഭവസ്ഥലത്തിന് സമീപത്തേക്ക് പോകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ ഷോവിൽ ഗേറ്റിനും സമീപ ട്രാൻസിറ്റ് ഹബിനും ചുറ്റുമുള്ള മേഖലയിൽ ഗതാഗത തടസ്സങ്ങളുണ്ടാകമെന്ന് അധികൃതർ അറിയിച്ചു.ട്രെയിൻ പാളം തെറ്റാനിടയായ കാരണം കണ്ടെത്താനായി കാൽഗറി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
