മൺട്രിയോൾ: മുൻ ഫാഷൻ വ്യവസായി പീറ്റർ നൈഗാർഡിനെതിരായ ലൈംഗികാതിക്രമ കേസിന്റെ വിചാരണ മൺട്രിയോൾ കോടതിയിൽ ആരംഭിച്ചു. 84കാരനായ നൈഗാർഡിനെതിരെ കെബെക് പ്രോസിക്യൂഷൻ 2022ലാണ് കുറ്റം ചുമത്തിയത്. ലൈംഗികാതിക്രമം, ബലമായി തടങ്കലിൽ വെക്കൽ എന്നീ രണ്ട് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
1997 നവംബറിനും 1998 നവംബറിനും ഇടയിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.തന്റെ സ്വാധീനവും സ്ഥാനവും ഉപയോഗിച്ച് സ്ത്രീകളെയും പെൺകുട്ടികളെയും വശീകരിച്ചെന്ന ആരോപണങ്ങൾ നൈഗാർഡ് കോടതിയിൽ നിഷേധിച്ചിട്ടുണ്ട്. മൺട്രിയോൾ കേസിലെ തുടർനടപടികൾ കോടതിയുടെ പരിഗണനയിലാണ്.ഇരയുടെ വ്യക്തിത്വം സംരക്ഷിക്കുന്നതിനായി പേരുവിവരങ്ങളും, മുൻപ് നടന്ന പ്രാഥമിക വാദങ്ങളിലെ തെളിവുകളും പരസ്യപ്പെടുത്തുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം പീറ്റർ നൈഗാർഡിനെ ടൊറന്റോയിലെ കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിൽ 11 വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
