തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും മൂലം വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിച്ചതാണ് നിയന്ത്രണത്തിന് കാരണം.
മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വലിയ തോതിൽ ഉയർന്നിട്ടുണ്ട്. അതേസമയം, രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത വർധിച്ചതിനെ തുടർന്ന് പവർ എക്സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയുടെ അളവിലും കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി.

മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് 300 മുതൽ 400 മെഗാവാട്ട് വരെ ഉയരാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ ഇന്ന് വൈകിട്ട് 7 മണിക്ക് ശേഷം സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരാമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്.
അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ജലലഭ്യതയിലെ കുറവാണ് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.സാധാരണ ലഭിക്കേണ്ട മഴ ഇത്തവണ ലഭിക്കാത്തത് വൈദ്യുതി ഉൽപാദനത്തെ ബാധിച്ചിട്ടുണ്ടെന്നും, സാഹചര്യത്തിനനുസരിച്ച് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി പ്രതികരിച്ചു.
