ദുബായ്: യു.എ.ഇ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വീസ, അറ്റസ്റ്റേഷന് അടക്കമുള്ള സേവനങ്ങളില്‍ നിലവിലെ കരാര്‍ കമ്പനിയായ ബി.എല്‍.എസിന് താല്‍ക്കാലികമായി തുടരാം. ഇതോടെ പുതിയ ടെണ്ടര്‍ നടപടികളെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി പ്രവാസികള്‍ അനുഭവിച്ചുപോന്ന കടുത്ത പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇയിലെ പാസ്പോര്‍ട്ട് സേവനങ്ങളുടെ കരാര്‍ അല്‍ഹിന്ദിനും കുവൈറ്റില്‍ ഡു ഡിജിറ്റലിനും നല്കിയ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയതോടെയാണ് ബി.എല്‍.എസിന് തല്ക്കാലം തുടരാന്‍ വഴിയൊരുങ്ങിയത്.
ടെണ്ടര്‍ മൂല്യനിര്‍ണ്ണയ പ്രക്രിയയില്‍ സുതാര്യത കുറവുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഉത്തരവ്. ടെണ്ടറില്‍ അയോഗ്യരാക്കപ്പെട്ട കമ്പനികള്‍ നല്കിയ ഹര്‍ജി പരിഗണിച്ച കോടതി, സാങ്കേതിക മൂല്യനിര്‍ണ്ണയത്തില്‍ മാര്‍ക്ക് നല്‍കിയതിന് കൃത്യമായ മാനദണ്ഡങ്ങള്‍ വിശദീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. യു.എ.ഇ, കുവൈത്ത് എന്നിവയ്ക്ക് പുറമെ ആസ്ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകളിലെ പുതിയ കരാറുകളും കോടതി ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. ഒരു മാസത്തിനകം ഈ നാല് രാജ്യങ്ങളിലെയും സേവനങ്ങള്‍ക്കായി പുതിയ പ്രൊപ്പോസല്‍ (RFP) വിളിക്കാനും വിദേശകാര്യ മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്കി.

2026 ജൂലൈ ഒന്ന് മുതല്‍ പുതിയ സ്ഥാപനങ്ങളായിരുന്നു ഈ രാജ്യങ്ങളില്‍ പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ടെണ്ടര്‍ നടപടികള്‍ ചോദ്യം ചെയ്ത് കമ്പനികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതോടെ പുതിയ ഗ്രൂപ്പുകള്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കരാര്‍ കാലാവധി കഴിഞ്ഞ ബി.എല്‍.എസ് കേന്ദ്രങ്ങള്‍ അടച്ചതോടെ, കഴിഞ്ഞ രണ്ടാഴ്ചയായി യു.എ.ഇയിലും കുവൈത്തിലും ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും നേരിട്ട് അടിയന്തര പാസ്പോര്‍ട്ട് സേവനങ്ങള്‍ മാത്രമാണ് നല്‍കിയിരുന്നത്.
ഇതുമൂലം പാസ്പോര്‍ട്ട് പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, ഒ.സി.ഐ കാര്‍ഡ് അപേക്ഷകള്‍ തുടങ്ങിയ സാധാരണ സേവനങ്ങള്‍ തടസ്സപ്പെടുകയും പ്രവാസികള്‍ വലിയ ദുരിതം നേരിടുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പുതിയ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ താല്‍ക്കാലികമായി പഴയ കമ്പനിക്ക് തന്നെ സേവനം തുടരാന്‍ കോടതി അനുവദിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഇരുരാജ്യങ്ങളിലും പ്രവര്‍ത്തിച്ചുപരിചയമുള്ള ബി.എല്‍.എസ് സെന്ററുകള്‍ വീണ്ടും സജീവമാകുന്നതോടെ പ്രവാസികളുടെ പ്രതിസന്ധിക്ക് ഉടനടി പരിഹാരമാകുമെന്നാണ് കരുതുന്നത്.
