ലണ്ടന്‍ ഒന്റാരിയോ: കാനഡയുടെ സൈനിക പ്രതിരോധ ശേഷി ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കവചിത വാഹന വ്യൂഹം വിപുലീകരിക്കാന്‍ കാനഡ. ഇതിനായി 200 കോടി ഡോളറിന്റെ വമ്പന്‍ കരാര്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. പ്രതിരോധ കരാറിന്റെ ഭാഗമായി 190 പുതിയ കവചിത വാഹനങ്ങള്‍ കൂടി സൈന്യത്തിന്റെ ഭാഗമാക്കും. ഇതോടെ കാനഡയുടെ ആകെ കവചിത വാഹനങ്ങളുടെ എണ്ണം 550 ആയി ഉയരുമെന്ന് ലണ്ടനില്‍ ഒന്റാരിയോയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള പ്രതിരോധ കരാറുകാരായ ‘ജനറല്‍ ഡയനാമിക്സ്’ (General Dynamics) കമ്പനിയുടെ കനേഡിയന്‍ ക്യാമ്പസ് സന്ദര്‍ശിച്ച വേളയിലാണ് അദ്ദേഹം ഈ വന്‍ പ്രഖ്യാപനം നടത്തിയത്.
പുതിയ കരാറനുസരിച്ച് നിര്‍മ്മിക്കുന്ന എല്ലാ കവചിത വാഹനങ്ങളും ജനറല്‍ ഡയനാമിക്സിന്റെ ഒന്റാരിയോയിലുള്ള ഫാക്ടറിയില്‍ മാത്രമായിരിക്കും നിര്‍മ്മിക്കുകയെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. ഇതിനാവശ്യമായ വിവിധ ഭാഗങ്ങള്‍ കാനഡയിലുടനീളമുള്ള പ്രാദേശിക വിതരണക്കാരില്‍ നിന്ന് മാത്രമായിരിക്കും സമാഹരിക്കുക. ആഭ്യന്തര വിപണിയെയും പ്രാദേശിക വ്യവസായങ്ങളെയും പരമാവധി പ്രോത്സാഹിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ ദേശീയ സുരക്ഷാ ശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കാനഡയുടെ തന്ത്രപ്രധാനമായ പ്രതിരോധ വ്യവസായ നയത്തിന്റെ മികച്ച ഉദാഹരണമാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡയുടെ നിലവിലുള്ള കവചിത വാഹനങ്ങള്‍ നേരത്തെ വിവിധ അന്താരാഷ്ട്ര ദൗത്യങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമേ, റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ യുക്രെയ്ന് പിന്തുണ നല്‍കുന്നതിനായി പ്രത്യേകമായി നിര്‍മ്മിക്കുന്ന 35 കവചിത വാഹനങ്ങള്‍ കൈമാറുമെന്നും കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രഖ്യാപിച്ചിരുന്നു. പുതിയ കവചിത വാഹനങ്ങള്‍ എത്തുന്നതോടെ കനേഡിയന്‍ സൈന്യത്തിന്റെ കരുത്ത് ഇരട്ടിക്കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.
