ബ്രിട്ടിഷ് കൊളംബിയ: ബ്രിട്ടിഷ് കൊളംബിയയിലുള്ള പെംബര്ട്ടന് (Pemberton) മേഖലയില്‍ ‘സിഗ്നല്‍ ഹില്‍’ കാട്ടുതീ പടരുന്നതിനെത്തുടര്‍ന്ന് അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ബുധനാഴ്ച രാത്രി 11:30-ഓടെയാണ് പെംബര്ട്ടന് വില്ലേജ് ഭരണകൂടം ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇതിന് പുറമേ, സ്ക്വാമിഷ്-ലില്ലൂയറ്റ് റീജണല്‍ ഡിസ്ട്രിക്റ്റ് (SLRD) ഏരിയ സി-യിലെ കോളിന്‍സ് റോഡ് മുതല്‍ വണ്‍ മൈല്‍ ലേക്ക് വഴി ലില്ലൂയറ്റ് നദി വരെയുള്ള പ്രദേശങ്ങളിലെ താമസക്കാരോടും ജീവനും ആരോഗ്യത്തിനും ഭീഷണിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമെങ്കില്‍ ഉടനടി ഒഴിഞ്ഞുപോവാന്‍ തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തകര്‍ക്കും അഗ്നിശമന സേനാംഗങ്ങള്‍ക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിനായി ‘വണ്‍ മൈല്‍ ലേക്ക് പാര്‍ക്ക്’ (One Mile Lake Park) പൂര്‍ണ്ണമായി ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈവേ 99-ല്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെയാണ് കാട്ടുതീ കണ്ടെത്തിയത്. നിലവില്‍ ഏകദേശം 10 ഹെക്ടര്‍ (0.1 ചതുരശ്ര കിലോമീറ്റര്‍) പ്രദേശത്തേക്ക് തീ പടര്‍ന്നതായാണ് ബി.സി. വൈല്‍ഡ്ഫയര്‍ സര്‍വീസ് (BCWS) വ്യക്തമാക്കുന്നത്.

മേഖലയില്‍ കനത്ത പുക ഉയരാന്‍ സാധ്യതയുണ്ടെന്നും ഹെലികോപ്റ്ററുകളുടെയും എയര്‍ ടാങ്കറുകളുടെയും സഹായത്തോടെ നിരവധി അഗ്നിശമന സേനാ യൂണിറ്റുകള്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ ജനവാസമേഖലയിലെ കെട്ടിടങ്ങള്‍ക്കൊന്നും ഭീഷണിയില്ലെന്നും അവ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ബി.സി. വൈല്‍ഡ്ഫയര്‍ സര്‍വീസ് അര്‍ദ്ധരാത്രി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിസ്ലറിന് വടക്കുകിഴക്കുള്ള ഗ്രീന്‍ ലേക്കില്‍ നിന്ന് വെള്ളമെടുത്ത് എയര്‍ ക്രാഫ്റ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനാല്‍, പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും തടാകക്കരയില്‍ നിന്ന് മാറിനിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കണമെന്നും നിര്‍ദേശമുണ്ട്. മിന്നല്‍പ്പിണര്‍ മൂലമല്ലാത്തതിനാല്‍, മനുഷ്യന്റെ അശ്രദ്ധ കാരണമാകാം ഈ കാട്ടുതീ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
