Thursday, July 16, 2026

ഒന്റാരിയോയില്‍ പ്രൈവറ്റ് കരിയര്‍ കോളേജുകള്‍ക്കെതിരെ കര്‍ശന നടപടി; വിദ്യാര്‍ത്ഥികള്‍ക്ക് ഇനി OSAP വായ്പകള്‍ ലഭിക്കില്ല

ടൊറന്റോ: ഒന്റാരിയോയിലെ അഞ്ച് പ്രൈവറ്റ് കരിയര്‍ കോളേജുകളിലെ കോഴ്‌സ് എന്റോള്‍മെന്റ് രീതികളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവിശ്യാ ഭരണകൂടം കര്‍ശന നടപടി സ്വീകരിച്ചു. ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വരാനിരിക്കുന്ന അധ്യയന വര്‍ഷത്തില്‍ ഒന്റാരിയോ സ്റ്റുഡന്റ് അസിസ്റ്റന്‍സ് പ്രോഗ്രാം (OSAP) വഴിയുള്ള വിദ്യാഭ്യാസ വായ്പകള്‍ പൂര്‍ണ്ണമായി നിഷേധിക്കാനാണ് കോളേജസ് ആന്‍ഡ് യൂണിവേഴ്‌സിറ്റീസ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. അക്കാദമി ഓഫ് ലേണിങിന്റെ നാല് ഫ്രാഞ്ചൈസി ക്യാമ്പസുകളിലെയും, സിറ്റി കോളേജ് ഓഫ് കനേഡിയന്‍ കരിയേഴ്‌സിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പുതിയ ഉത്തരവ് വഴി ഒസാപ്പ് (OSAP) ലോണുകള്‍ നഷ്ടമാകുക. പ്രവിശ്യയിലെ കരിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റുകള്‍ നേരത്തെ തന്നെ നിര്‍ത്തലാക്കിയിരുന്നു.

ഔദ്യോഗികമായി കൃത്യമായ ആരോപണങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, നടപടി നേരിട്ട സ്ഥാപനങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പ്രകാരം ഓണ്‍ലൈന്‍ പഠനവുമായി (Asynchronous learning) ബന്ധപ്പെട്ട വീഴ്ചകളാണ് ഈ അടിയന്തര നീക്കത്തിന് കാരണം. പ്രവേശന നടപടികളിലെ അപാകതകള്‍, ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളുടെ കൃത്യമല്ലാത്ത പങ്കാളിത്തം, ഹാജര്‍ രേഖപ്പെടുത്തുന്നതിലെ വീഴ്ചകള്‍, പഠന പുരോഗതി വിലയിരുത്തുന്നതിലെ പോരായ്മകള്‍ എന്നിവ മന്ത്രാലയം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കോഴ്‌സില്‍ എന്റോള്‍ ചെയ്ത വ്യക്തികള്‍ തന്നെയല്ല യഥാര്‍ത്ഥത്തില്‍ ഓണ്‍ലൈന്‍ വഴി പഠനവും പരീക്ഷകളും പൂര്‍ത്തിയാക്കുന്നത് എന്ന ശക്തമായ സംശയവും അധികൃതര്‍ക്കുണ്ട്.

അതേസമയം സര്‍ക്കാരിന്റെ ഈ വിലക്ക് നിയമവിരുദ്ധമാണെന്ന് കാണിച്ച് അക്കാദമി ഓഫ് ലേണിംഗിന്റെ മൂന്ന് ക്യാമ്പസുകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയായ ജീവനക്കാര്‍, കാനഡയിലേക്ക് പുതുതായി കുടിയേറിയവര്‍, കുടുംബപരമായ ഉത്തരവാദിത്തങ്ങളുള്ളവര്‍ എന്നിവര്‍ക്ക് അനുയോജ്യമായ രീതിയിലാണ് തങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും അതില്‍ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടെന്നുമാണ് കോളേജുകളുടെ വാദം. പുതിയ അധ്യയന വര്‍ഷത്തെ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് തന്നെ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്താന്‍ മന്ത്രാലയത്തിന് അധികാരമില്ലെന്നും അവര്‍ കോടതിയില്‍ വാദിക്കുന്നു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നിയമപരമായ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് സിറ്റി കോളേജ് ഡയറക്ടര്‍ ജയ്‌ദേവ് ചക്രവര്‍ത്തിയും വ്യക്തമാക്കി.

വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും നികുതിദായകരുടെയും വിദ്യാര്‍ത്ഥികളുടെയും പണം സുരക്ഷിതമാക്കാനുമാണ് ഈ കര്‍ശന നടപടിയെന്ന് ഒന്റാരിയോ കോളേജസ് ആന്‍ഡ് യൂണിവേഴ്‌സിറ്റീസ് മന്ത്രി നോലന്‍ ക്വിന്നിന്റെ ഓഫീസ് അറിയിച്ചു. പ്രവിശ്യയിലെ ഭൂരിഭാഗം കരിയര്‍ കോളേജുകളും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും, ചുരുക്കം ചില സ്ഥാപനങ്ങളുടെ വീഴ്ചകള്‍ ഈ മേഖലയുടെ വിശ്വാസ്യതയെ ബാധിക്കരുതെന്നും കരിയര്‍ കോളേജസ് ഒന്റാരിയോ പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!