Friday, July 17, 2026

യുഎഇ, കുവൈറ്റ് രാജ്യങ്ങളിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്- വീസ സേവനം; കരാര്‍ റദ്ദാക്കിയ വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: യുഎഇ, കുവൈറ്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വീസ സേവന കരാറുകള്‍ റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിന്റെ ഹര്‍ജി വരും തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിവെച്ചു. ഡല്‍ഹി ഹൈക്കോടതി വിധിച്ച നടപടികള്‍ വിദേശങ്ങളിലെ ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള സേവനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ചത്.

യുഎഇ, കുവൈറ്റ് എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ ഓസ്ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെയും പാസ്പോര്‍ട്ട്, വീസ സേവന കരാറുകള്‍ നല്‍കാന്‍ സ്വീകരിച്ച ടെണ്ടര്‍ നടപടികള്‍ സുതാര്യമല്ലെന്ന് നിരീക്ഷിച്ചായിരുന്നു ഡല്‍ഹി ഹൈക്കോടതി മുന്‍പ് ഇവ റദ്ദാക്കിയത്. നിലവിലുള്ള കരാര്‍ റദ്ദാക്കി ഒരു മാസത്തിനകം പുതിയ താല്പര്യപത്രം (RFP) ക്ഷണിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ടെണ്ടര്‍ മാനദണ്ഡങ്ങളില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഈ ഇടപെടല്‍.

യുഎഇയിലെ പാസ്പോര്‍ട്ട്, വിസ സേവന കരാര്‍ പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ അല്‍ ഹിന്ദിനും, കുവൈറ്റില്‍ ഡു ഡിജിറ്റല്‍ എന്ന കമ്പനിക്കുമാണ് ലഭിച്ചിരുന്നത്. ഈ പുതിയ കമ്പനികള്‍ക്ക് സേവന കരാര്‍ നല്‍കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയതോടെ വലിയ പ്രതിസന്ധിയാണ് പ്രവാസി മേഖലയില്‍ രൂപപ്പെട്ടത്. പുതിയ കരാറുകള്‍ റദ്ദാക്കപ്പെട്ടതോടെ വീസ, പാസ്പോര്‍ട്ട് പുതുക്കല്‍ തുടങ്ങിയ അടിയന്തര സേവനങ്ങള്‍ തടസ്സപ്പെടുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. ഈ സാഹചര്യത്തിലാണ് അടിയന്തര നിയമനടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!