റിയാദ്: സ്വദേശി പൗരനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സൗദി പൗരന്റെ വധശിക്ഷ ജിസാനിൽ നടപ്പാക്കി. അത്തിയ ബിൻ താഹിർ ബിൻ അഹമ്മദ് ഖുർമി എന്നയാളുടെ ശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അബ്ദുറഹ്മാൻ ബിൻ അഹമ്മദ് ബിൻ സായിദ് അസീരി എന്ന സ്വദേശി പൗരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്കെതിരെ നടപടി സ്വീകരിച്ചത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായ പരുക്കുകൾ ഏൽപ്പിച്ചാണ് പ്രതി കൊലപാതകം നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതിനെ തുടർന്ന് കേസ് കോടതിയിലേക്ക് കൈമാറി.കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും അപ്പീൽ കോടതിയും സുപ്രീംകോടതിയും ശിക്ഷ ശരിവെക്കുകയും ചെയ്തു. തുടർന്ന് രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജിസാനിൽ വധശിക്ഷ നടപ്പാക്കിയത്.
