മൺട്രിയോൾ: ഹോണറെ-മെർസിയർ പാലത്തിൽ വേനൽക്കാല അറ്റകുറ്റപ്പണികളുടെ ഭാഗമായി രണ്ടര ആഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ജൂലൈ 17 മുതൽ ആഗസ്റ്റ് 3 വരെ പാലത്തിൽ ഓരോ ദിശയിലേക്കും ഒരു ലെയിൻ മാത്രമായിരിക്കും തുറന്നിടുക.മൺട്രിയോളിലെ ലാസാലിനെയും കാഹ്നവേക്കിനെയും ബന്ധിപ്പിക്കുന്ന പാലത്തിലെ കോൺക്രീറ്റ് സ്ലാബിന്റെ ഒരു ഭാഗം അറ്റകുറ്റപ്പണി നടത്തുന്നതിനായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
യാത്രക്കാർക്ക് മനസിലാകുവാനായി ഗതാഗതം വഴിതിരിച്ചുവിടാനായി താൽക്കാലിക അടയാളങ്ങൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
ട്രക്കുകൾക്ക് തിങ്കൾ മുതൽ വെള്ളി വരെ തിരക്കേറിയ സമയങ്ങളിൽ പാലം ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടാകും. രാവിലെ 5 മുതൽ 9:30 വരെ മൺട്രിയോൾ ദിശയിലേക്കും, വൈകുന്നേരം 3 മുതൽ 7 വരെ സൗത്ത് ഷോർ ദിശയിലേക്കും ട്രക്കുകൾക്ക് പ്രവേശനം അനുവദിക്കില്ല.ട്രക്ക് ഡ്രൈവർമാർക്ക് പകരം സാമുവൽ-ഡെ ഷാംപ്ലെയ്ൻ പാലവും ജാക്-കാർട്ടിയർ പാലവും ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

അറ്റകുറ്റപ്പണി കാലയളവിൽ പൊതുഗതാഗതത്തിനായി മാറ്റിവച്ച ലെയിൻ കൂടുതൽ സമയം പ്രവർത്തിക്കും. ആഴ്ചയിലെ ഏഴ് ദിവസവും രാവിലെ 5 മുതൽ രാത്രി 8 വരെ പൊതുഗതാഗത ലെയിൻ ലഭ്യമാകും.
