Saturday, July 18, 2026

വൈദ്യുതി പ്രതിസന്ധി; സർക്കാരിന്റെ ആസൂത്രണ വീഴ്ചയെന്ന് കെ. കൃഷ്ണൻകുട്ടി

സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ആസൂത്രണത്തിലെ വീഴ്ചയാണെന്ന് മുൻ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി ആരോപിച്ചു. 2023-ലാണ് കേരളം ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധി നേരിട്ടതെങ്കിലും, അന്ന് കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടന്നതിനാൽ വ്യാപക ലോഡ്ഷെഡ്ഡിങ് ഒഴിവാക്കാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി മുൻകൂട്ടി കണ്ട് ആവശ്യമായ വൈദ്യുതി വാങ്ങാനുള്ള നടപടി സ്വീകരിക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ വൈദ്യുതി മുടങ്ങുമ്പോൾ പരാതിയുമായി നിരവധി പേർ തന്നെ വിളിക്കാറുണ്ടെന്നും, ഗൂഗിളിൽ ഇപ്പോഴും തന്റെ ഫോൺ നമ്പറാണ് കാണിക്കുന്നതെന്നും അത് മാറ്റണമെന്നുമാണ് കെ. കൃഷ്ണൻകുട്ടി അഭ്യർഥിച്ചത്.

അതേസമയം, കാലവർഷം ദുർബലമായതും ഉയർന്ന ചൂടിനെ തുടർന്ന് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല പവർകട്ട് ഉടൻ പിൻവലിക്കാൻ കഴിയില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി.

പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് ഏകദേശം 500 മെഗാവാട്ട് വൈദ്യുതി ക്ഷാമമുണ്ടെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം അറിയിച്ചു. അതിനാൽ രാത്രി 7 മണി മുതൽ പുലർച്ചെ 2 മണിവരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ലോകകപ്പ് ഫൈനൽ നടക്കുന്ന സമയത്ത് വൈദ്യുതി മുടക്കില്ലെന്നും കെഎസ്ഇബി ഉറപ്പ് നൽകിയിട്ടുണ്ട്.

അപ്രഖ്യാപിത പവർകട്ടിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാണ്. പാലക്കാട്ട് വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ചെന്ന സംഭവത്തെ തുടർന്ന് ജനരോഷം ഉയർന്നിട്ടുണ്ട്. പവർകട്ടിനെതിരെ പ്രതിപക്ഷ പാർട്ടികളും ഇടതുപക്ഷ സംഘടനകളും പ്രതിഷേധം തുടരുകയാണ്. വെള്ളിയാഴ്ച തിരുവനന്തപുരം പട്ടത്തുള്ള കെഎസ്ഇബി ആസ്ഥാനത്തേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ റാന്തൽ വിളക്കുകളുമായി മാർച്ച് നടത്തി.

Story Highlights : Powercut UDF government has made a lapse in planning k krishnankutty

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!