Saturday, July 18, 2026

വായുമലിനീകരണം അതിരൂക്ഷം; ടൊറന്റോയില്‍ ഓറഞ്ച് അലേര്‍ട്ട്

ടൊറന്റോ: ടൊറന്റോ നഗരത്തില്‍ വായുമലിനീകരണം വീണ്ടും അതിരൂക്ഷമായി. എന്‍വയോണ്‍മെന്റ് കാനഡ നഗരത്തില്‍ വീണ്ടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാട്ടുതീയില്‍ നിന്നുള്ള പുക നഗരത്തെ പൂര്‍ണ്ണമായും മൂടിയിരിക്കുകയാണെന്നും വായുനിലവാരത്തില്‍ നേരിയ പുരോഗതി മാത്രമാണ് ഇനി പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ആഗോള വായുനിലവാര സൂചികയായ ‘ഐക്യുഎയര്‍’ (IQAir) കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏറ്റവും മോശം വായുനിലവാരമുള്ള ആദ്യ മൂന്ന് നഗരങ്ങളുടെ പട്ടികയില്‍ ടൊറന്റോ വീണ്ടും ഇടംപിടിച്ചു. അമേരിക്കന്‍ നഗരങ്ങളായ ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ ഡി.സി എന്നിവയ്ക്ക് തൊട്ടുപിന്നിലാണ് നിലവില്‍ ടൊറന്റോയുടെ സ്ഥാനം. പുകപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷം പ്രായഭേദമന്യേ എല്ലാവരുടെയും ആരോഗ്യത്തിന് ഹാനികരമാണെന്നും ജനങ്ങള്‍ പുറത്തിറങ്ങുന്നത് പരമാവധി പരിമിതപ്പെടുത്തണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ വായുമലിനീകരണം മൂലം കടുത്ത ആരോഗ്യപ്രതിസന്ധി നേരിടാന്‍ സാധ്യതയുണ്ട്. കണ്ണ്, മൂക്ക്, തൊണ്ട എന്നിവയിലെ അസ്വസ്ഥതകള്‍, വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ഉടനടി വൈദ്യസഹായം തേടണമെന്നും കായിക വിനോദങ്ങളിലും ഔട്ട്‌ഡോര്‍ പരിപാടികളിലും ഏര്‍പ്പെടുന്നവര്‍ പ്രാദേശിക വായുനിലവാരം പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുക്കണമെന്നും മുന്നറിയിപ്പുണ്ട്.

പ്രതികൂല കാലാവസ്ഥയും പുകമഞ്ഞും കണക്കിലെടുത്ത് ടൊറന്റോയില്‍ ഇന്ന് നടക്കേണ്ടിയിരുന്ന പ്രശസ്തമായ ‘കരീബിയന്‍ ജൂനിയര്‍ കാര്‍ണിവല്‍ പരേഡ്’ മാറ്റിവെച്ചു. ആയിരക്കണക്കിന് കുട്ടികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് പരേഡ് നാളേക്ക് (ജൂലൈ 19, ഞായറാഴ്ച) മാറ്റിവെച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച റൂട്ടിലും സമയക്രമത്തിലും മാറ്റമില്ലാതെയായിരിക്കും ഞായറാഴ്ച കാര്‍ണിവല്‍ നടക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!