Sunday, July 19, 2026

കുട്ടികളുള്ള കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക പിന്തുണ; കാനഡ ചൈൽഡ് ബെനഫിറ്റ് തുക വർധിപ്പിച്ചു

ടൊറന്റോ: കാനഡയിലെ അർഹരായ കുടുംബങ്ങൾക്ക് നൽകുന്ന കാനഡ ചൈൽഡ് ബെനഫിറ്റ് (CCB) തുക വർധിപ്പിച്ചതായി ഫെഡറൽ സർക്കാർ അറിയിച്ചു. പുതുക്കിയ നിരക്കുകൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ രാജ്യത്തെ ഏകദേശം 36 ലക്ഷം കുടുംബങ്ങൾക്ക് ഉയർന്ന പ്രതിമാസ സാമ്പത്തിക സഹായം ലഭ്യമാകും.

ജീവിതച്ചെലവിലുണ്ടായ വർധന കണക്കിലെടുത്ത് വർഷംതോറും നടപ്പാക്കുന്ന പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഇത്തവണയും ബെനഫിറ്റ് തുക ഉയർത്തിയത്. പുതിയ നിരക്കുകൾ പ്രകാരം ആറു വയസിൽ താഴെയുള്ള ഓരോ കുട്ടിക്കും വർഷത്തിൽ പരമാവധി 8,157 കാനഡ ഡോളർവരെയും, ആറു മുതൽ 17 വയസ് വരെയുള്ള ഓരോ കുട്ടിക്കും 6,883 കാനഡ ഡോളർവരെയും ലഭിക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യഥാക്രമം 160 ഡോളറും 135 ഡോളറും കൂടുതലാണ് ഈ വർധന.

കുടുംബത്തിന്റെ ക്രമീകരിച്ച വാർഷിക അറ്റവരുമാനം 37,487 കാനഡ ഡോളറിൽ താഴെയാണെങ്കിൽ പരമാവധി ബെനഫിറ്റിന് അർഹത ലഭിക്കും. കുട്ടികളുടെ എണ്ണം, പ്രായം, മുൻ സാമ്പത്തിക വർഷത്തെ കുടുംബത്തിന്റെ ക്രമീകരിച്ച അറ്റവരുമാനം എന്നിവ അടിസ്ഥാനമാക്കിയാണ് ലഭിക്കുന്ന തുക കണക്കാക്കുന്നത്.

കുട്ടിയുടെ പ്രധാന പരിചരണ ചുമതലയുള്ള വ്യക്തിയാണ് ബെനഫിറ്റിന് അപേക്ഷിക്കേണ്ടത്. കുട്ടിയുടെ സംയുക്ത സംരക്ഷണാവകാശമുള്ള മാതാപിതാക്കൾക്ക്, പൂർണ സംരക്ഷണാവകാശമുണ്ടായിരുന്നെങ്കിൽ ലഭിക്കുമായിരുന്ന തുകയുടെ പകുതി വീതമാണ് അനുവദിക്കുക.

2018 മുതൽ കാനഡ ചൈൽഡ് ബെനഫിറ്റ് പദ്ധതിയിലെ തുകകൾ പണപ്പെരുപ്പ നിരക്കിന് അനുസൃതമായി വർഷംതോറും പരിഷ്‌കരിച്ചുവരികയാണ്. എല്ലാ വർഷവും ജൂലൈ 1-നാണ് പുതിയ പേയ്‌മെന്റ് വർഷം ആരംഭിക്കുന്നത്. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും കുട്ടികളുടെ ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന ചെലവുകൾ നിറവേറ്റുന്നതിനും ഈ പദ്ധതി നിർണായക പങ്ക് വഹിക്കുന്നതായി ഫെഡറൽ സർക്കാർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!