Sunday, July 19, 2026

ലോകകപ്പ് ഫൈനൽ ആഘോഷങ്ങൾ സമാധാനപരമാകണം; സുരക്ഷ ശക്തമാക്കി കൊച്ചി സിറ്റി പൊലീസ്

കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലിനോടനുബന്ധിച്ച് നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. വിജയാഘോഷങ്ങൾ അക്രമസംഭവങ്ങളിലേക്കോ ഫാൻ ഫൈറ്റുകളിലേക്കോ വഴിമാറരുതെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം വിജയാഘോഷങ്ങളുടെ പേരിൽ ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കൽ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത്തിലും അപകടകരമായും വാഹനം ഓടിക്കൽ, വാഹനങ്ങളിൽ അനുവദനീയമായതിലധികം ആളുകളെ കയറ്റി യാത്ര ചെയ്യൽ, അമിതശബ്ദത്തിൽ ഹോൺ മുഴക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ പതിവായി ശ്രദ്ധയിൽപ്പെടുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത്തരം പ്രവണതകൾ ഗുരുതര അപകടങ്ങൾക്കും ജീവഹാനിക്കും ഇടയാക്കാൻ സാധ്യതയുള്ളതിനാൽ കർശന പരിശോധനയും നിയമനടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യും. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരവും മറ്റ് അനുബന്ധ നിയമങ്ങൾ പ്രകാരവും ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ പ്രധാന ജങ്ഷനുകളിലും ആഘോഷങ്ങൾ നടക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിലും അധിക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. വാഹന പരിശോധനയും വ്യാപകമായി ശക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രധാന സ്ഥലങ്ങളിൽ കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

ആഘോഷങ്ങൾ ഉത്തരവാദിത്തത്തോടെയും നിയമം പാലിച്ചും നടത്തണമെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും കൊച്ചി സിറ്റി പൊലീസ് അഭ്യർഥിച്ചു. സമാധാനപരമായ ആഘോഷങ്ങളിലൂടെ ലോകകപ്പ് ഫൈനലിന്റെ ആവേശം പങ്കിടാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!