Sunday, July 19, 2026

സൗദിയിൽ റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്ക് കർശന നിയന്ത്രണം; ഇൻഫ്ലുവൻസർമാർക്ക് ‘മൗസൂഖ്’ മാത്രം പോര, ‘ഫാൽ’ ലൈസൻസും നിർബന്ധം

റിയാദ്: സൗദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ സുതാര്യതയും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുന്നതിനായി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. റിയൽ എസ്റ്റേറ്റ് വസ്തുവകകളുടെ വിൽപ്പനയോ വാടകയോ സംബന്ധിച്ച പരസ്യങ്ങൾ ചെയ്യുന്ന ഇൻഫ്ലുവൻസർമാർക്കും മറ്റ് പ്രമോട്ടർമാർക്കും ഇനി മുതൽ ഓഡിയോവിഷ്വൽ മീഡിയ അതോറിറ്റിയുടെ ‘മൗസൂഖ്’ ലൈസൻസിനൊപ്പം റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയുടെ ‘ഫാൽ’ ലൈസൻസും നിർബന്ധമാകും.

മൂന്നാമത് റിയൽ എസ്റ്റേറ്റ് മീഡിയേഷൻ ഫോറത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്. റിയൽ എസ്റ്റേറ്റ് സംബന്ധിച്ച എല്ലാ പരസ്യങ്ങളിലും അതോറിറ്റി അനുവദിക്കുന്ന ഔദ്യോഗിക പരസ്യ ലൈസൻസ് നമ്പർ വ്യക്തമായി രേഖപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു. അംഗീകൃത ബ്രോക്കർമാർ മുഖേന മാത്രമേ ഈ ലൈസൻസ് ലഭ്യമാകൂ.

ബ്രോക്കർ ലൈസൻസ് നേടുന്നതിനായി അതോറിറ്റി നിശ്ചയിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങളും പരീക്ഷയും വിജയകരമായി പൂർത്തിയാക്കേണ്ടതായിരിക്കും. ഇതിലൂടെ മേഖലയിലെ പ്രൊഫഷണൽ നിലവാരം ഉയർത്തുകയും അനധികൃത ഇടപാടുകൾ തടയുകയും ചെയ്യുകയാണ് ലക്ഷ്യം.

റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ തട്ടിപ്പുകൾ കുറയ്ക്കുന്നതിനായി ഉപഭോക്താക്കൾക്ക് ബ്രോക്കർമാരുടെയും പരസ്യങ്ങളുടെയും ലൈസൻസുകൾ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി നേരിട്ട് പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കും.

അതേസമയം, വാടകക്കരാറുകളുമായി ബന്ധപ്പെട്ട സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകകൾ ഇനി മുതൽ ‘ഇജാർ’ പ്ലാറ്റ്‌ഫോം വഴിമാത്രം കൈകാര്യം ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു. കൂടാതെ, റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമുകൾ അതോറിറ്റിയുമായി സാങ്കേതികമായി ബന്ധിപ്പിക്കുകയും ഉപഭോക്താക്കളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പാക്കുകയും വേണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

പുതിയ നിയന്ത്രണങ്ങളിലൂടെ റിയൽ എസ്റ്റേറ്റ് മേഖലയിലെ വിശ്വാസ്യത വർധിപ്പിക്കാനും പരസ്യങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും ഉപഭോക്താക്കളെ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാനുമാണ് സൗദി അധികൃതരുടെ ലക്ഷ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!