റിയാദ്: സൗദി അറേബ്യയ്‌ക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഹൂതി സായുധ വിഭാഗം അറിയിച്ചു. അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഹൂതികളുടെ പുതിയ പ്രഖ്യാപനം. ഇതോടെ പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ വ്യാപിക്കാനും ആഗോള എണ്ണവിതരണത്തെയും സമുദ്രവ്യാപാരത്തെയും ബാധിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഹൂതികളുടെ പ്രഖ്യാപനത്തിന് പിന്നാലെ യെമനിലെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി. ബാബ് അൽ മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് സുരക്ഷ ശക്തമാക്കിയതായും സഖ്യസേന അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നേരത്തെ തന്നെ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ബാബ് അൽ മന്ദബിനും ഭീഷണിയുയരുന്നത് ആഗോള വ്യാപാരത്തിന് തിരിച്ചടിയാകുമെന്നാണ് ആശങ്ക.
അതേസമയം, സംഘർഷം കുറയ്ക്കാൻ അമേരിക്കയും ഇറാനും തമ്മിൽ നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിന്റെ സൂചനകളും പുറത്തുവന്നിട്ടുണ്ട്. മധ്യസ്ഥ രാജ്യങ്ങൾ ചില നിർദേശങ്ങൾ ഇറാന് കൈമാറിയതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഹൂതികളുടെ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ നേരിയ വർധനയുണ്ടായെങ്കിലും പിന്നീട് വില സ്ഥിരത കൈവരിച്ചു. എന്നിരുന്നാലും, ചെങ്കടൽ വഴിയുള്ള ചരക്ക് കപ്പൽ ഗതാഗതത്തിന്റെ ഇൻഷുറൻസ് ചെലവ് ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.
അമേരിക്ക ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണം തുടരുകയാണെങ്കിൽ ചെങ്കടലിലേക്കുള്ള പ്രധാന കവാടമായ ബാബ് അൽ മന്ദബ് കടലിടുക്ക് അടച്ചുപൂട്ടണമെന്ന സമ്മർദം ഇറാൻ ഹൂതികൾക്ക് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അത്തരമൊരു സാഹചര്യം ഉണ്ടായാൽ ആഗോള എണ്ണവിതരണത്തിന്റെ ഏകദേശം ഏഴ് ശതമാനം വരെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ സൈനികർക്കെതിരായ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അമേരിക്ക–ഇറാൻ സംഘർഷം കൂടുതൽ സങ്കീർണമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
