ഡൽഹി: യുക്രൈനിലെ ഒഡേസയ്ക്ക് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ മലയാളി ഉൾപ്പെടെ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ മറ്റൊരു ഇന്ത്യൻ നാവികന്റെ നില ഗുരുതരമായി തുടരുകയാണ്.മരിച്ചവരിൽ കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയനും ഉൾപ്പെടുന്നു. കപ്പലിലുണ്ടായിരുന്ന മറ്റ് ഇന്ത്യൻ നാവികരുടെ വിവരങ്ങൾ ബന്ധപ്പെട്ട കുടുംബങ്ങളെ അറിയിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഗിനിയ-ബിസാവു പതാകയിലുള്ള ഗോൾഡൻ ലിയോ (Golden Leo) എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണം നടന്നത്. യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം നടന്ന ആക്രമണത്തിൽ ആകെ പത്ത് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരുക്കേറ്റതായും യുക്രൈൻ അധികൃതർ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന എട്ട് ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

വാണിജ്യ കപ്പലുകൾക്കും സാധാരണ നാവികർക്കുമെതിരായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സംഭവവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യുക്രൈനിലെ ഇന്ത്യൻ എംബസി പരുക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഒഡേസ മേഖലയിലെ റഷ്യൻ ആക്രമണങ്ങൾ അടുത്തിടെ ശക്തമായിട്ടുണ്ട്. ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും പതിവായ സാഹചര്യത്തിൽ തുറമുഖങ്ങളും വാണിജ്യ കപ്പലുകളും സുരക്ഷാ ഭീഷണി നേരിടുകയാണ്. ആക്രമണത്തിന് പിന്നാലെ യുക്രൈൻ, റഷ്യക്കെതിരെ ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
