ഓട്ടവ: കാനഡയുടെ ഉത്പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയ അമേരിക്കയുടെ നടപടിക്കെതിരെ ആഞ്ഞടിച്ച് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. യു.എസ് ഏര്‍പ്പെടുത്തുന്ന തീരുവകള്‍ക്ക് തുല്യമായ തിരിച്ചടി നല്‍കണമെന്ന് ഡഗ് ഫോര്‍ഡ് ആവശ്യപ്പെട്ടു. കൂടാതെ താനും മറ്റ് പ്രവിശ്യാ നേതാക്കളും ഒരിക്കലും ഇതിന് വഴങ്ങിക്കൊടുക്കില്ലെന്നും ഡഗ് ഫോര്‍ഡ് വ്യക്തമാക്കി. എക്‌സ് പോസ്റ്റിലൂടെയാണ് ഡഗ് ഫോര്‍ഡിന്റെ പ്രതികരണം.
‘പി.ഇ.ഐയില്‍ (P.E.I.) പ്രീമിയര്‍മാര്‍ ഒത്തുചേരുമ്പോള്‍, ‘ടീം കാനഡ’ ഒന്നിക്കുകയാണ്. ഇതിലും മികച്ചൊരു സമയം വേറെയില്ല. നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കും. നമ്മള്‍ ഒരിക്കലും പിന്നോട്ട് പോകില്ല. നമ്മള്‍ ഒരിക്കലും കീഴടങ്ങില്ല,’ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം കാനഡയുമായുള്ള സൗഹൃദം ഇല്ലാതായാല്‍ അമേരിക്ക ലോകത്ത് ഒറ്റപ്പെടുമെന്ന് ബി.സി പ്രീമിയര്‍ ഡേവിഡ് എബിയും പ്രതികരിച്ചു.
‘അമേരിക്കക്കാരോട് എനിക്ക് സഹതാപം തോന്നുന്നു. കാനഡയുടെ സൗഹൃദം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍, അവര്‍ ലോകത്ത് തികച്ചും ഒറ്റപ്പെട്ടുപോകും’, അദ്ദേഹം പറഞ്ഞു.
തേന്‍ മുതല്‍ ഹോക്കി സ്റ്റിക്കുകള്‍ വരെയുള്ള വിവിധ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുന്ന ഉത്തരവുകളില്‍ തിങ്കളാഴ്ചയാണ് ട്രംപ് ഒപ്പുവെച്ചത്. ഉത്തരവ് പ്രകാരം വടക്കേ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാറിന് (CUSMA) കീഴില്‍ ഒരു ഇളവും ലഭിക്കില്ല. അതേസമയം പുതിയ താരിഫുകള്‍ യു.എസിലേക്കുള്ള കാനഡയുടെ കയറ്റുമതിയുടെ ഏകദേശം അഞ്ച് ശതമാനത്തെ മാത്രമാണ് ബാധിക്കുകയെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ പുതിയ താരിഫുകള്‍ യു.എസിലേക്കുള്ള കാനഡയുടെ ഏകദേശം 2,800 കോടി ഡോളറിന്റെ വാര്‍ഷിക കയറ്റുമതിയെ ബാധിക്കുമെന്ന് ബാങ്ക് ഓഫ് മണ്‍ട്രിയോള്‍ (BMO) സീനിയര്‍ ഇക്കണോമിസ്റ്റ് റോബര്‍ട്ട് കാവ്‌സിക് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ മൊത്തം സമ്പദ്വ്യവസ്ഥയ്ക്ക് ഇത് താങ്ങാനാവുന്നതാണെങ്കിലും, പ്രഖ്യാപിച്ചതുപോലെ ഓഗസ്റ്റ് 19-ന് ഇത് പ്രാബല്യത്തില്‍ വരികയാണെങ്കില്‍ നിര്‍ദ്ദിഷ്ട വ്യവസായങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും തീരുവ സാരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
