Wednesday, July 22, 2026

കാട്ടുതീ പ്രതിരോധത്തില്‍ വീഴ്ച; ഒന്റാരിയോ സര്‍ക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷന്‍സ് നേതാക്കള്‍

ഒന്റാരിയോ: പ്രവിശ്യ സര്‍ക്കാരിനെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷന്‍സ് നോതാക്കള്‍. കാട്ടുതീ പ്രതിരോധിക്കുന്നതില്‍ ഒന്റാരിയോ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അന്വേഷണം വേണമെന്നുമാണ് നേതാക്കളുടെ ആവശ്യം. നാച്ചുറല്‍ റിസോഴ്‌സസ് മന്ത്രാലയത്തിലെ ഉന്നത നേതൃത്വത്തില്‍ മാറ്റം വരുത്തണമെന്നും ദുരന്ത നിവാരണത്തിലെ വീഴ്ചകളെക്കുറിച്ച് വിശദമായ പരസ്യ അന്വേഷണം വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

നിലവില്‍ രണ്ടായിരത്തി നാനൂറിലധികം ആളുകളാണ് പ്രവിശ്യയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കഴിഞ്ഞ ആഴ്ച മാത്രം നമായ്ഗൂസിസാഗഗന്‍, വൈറ്റ്വാട്ടര്‍ ലേക്ക് എന്നീ രണ്ട് ഫസ്റ്റ് നേഷന്‍സ് ഗ്രാമങ്ങള്‍ കാട്ടുതീയില്‍ പൂര്‍ണ്ണമായി ചാമ്പലായി. അതിനിടെ, ഗ്രാമങ്ങളില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ അനിശ്ചിതത്വത്തില്‍ കഴിയുകയാണ്. ദിവസങ്ങളോളം കാത്തിരുന്ന ശേഷമാണ് സര്‍ക്കാരിന്റെ സഹായം ലഭിച്ചതെന്നും തങ്ങളുടെ ഗ്രാമങ്ങള്‍ എന്ത് അവസ്ഥയിലാണെന്നതില്‍ ഭയമുണ്ടെന്നും വൈറ്റ്സാന്‍ഡ്, ഈബാമറ്റൂംഗ് ഗ്രാമതലവന്മാര്‍ പറഞ്ഞു. കാട്ടുതീ പ്രതിരോധത്തില്‍ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകളോ വിവരവിനിമയമോ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് മാരിറ്റ് സ്‌റ്റൈല്‍സും കുറ്റപ്പെടുത്തി.

എന്നാല്‍ ഈ ആരോപണങ്ങള്‍ ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് തള്ളി. ഫസ്റ്റ് നേഷന്‍സ് മേഖലകളുടെ പൂര്‍ണ്ണ ചുമതല ഫെഡറല്‍ സര്‍ക്കാരിനാണെങ്കിലും പ്രവിശ്യാ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 155 ഫയര്‍ ക്രൂവും ഏകദേശം 8,900 അഗ്‌നിശമന സേനാംഗങ്ങളും നിലവില്‍ പ്രദേശത്ത് രംഗത്തുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ കാട്ടുതീ സീസണുകളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ 5,000ത്തിലധികം അഗ്‌നിശമന സേനാംഗങ്ങളെയും 300ഓളം വാട്ടര്‍ ബോംബറുകളും വിമാനങ്ങളും കാനഡയിലുടനീളം വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!