ടൊറന്റോ: കാനഡയിലെ മുതിർന്ന പൗരന്മാർക്ക് ആശ്വാസമായി, വയോജന പെൻഷൻ ഉൾപ്പെടെയുള്ള വിവിധ സർക്കാർ സാമ്പത്തിക സഹായ പദ്ധതികളുടെ ജൂലൈ മാസത്തെ വിതരണം ഈ മാസം അവസാന വാരത്തിൽ പൂർത്തിയാകും. ജൂലൈ 1 മുതൽ നിലവിൽ വന്ന നിരക്ക് വർധനയുടെ ആനുകൂല്യം ഇത്തവണ പലർക്കും ലഭിക്കും.
ജൂലൈ മാസത്തെ നിശ്ചിത തീയതികൾ പ്രകാരം ആൽബർട്ട ഡിസബിലിറ്റി ആനുകൂല്യം ജൂലൈ 28-ന് വിതരണം ചെയ്യും. കാനഡ പെൻഷൻ പ്ലാൻ (CPP), ഓൾഡ് ഏജ് സെക്യൂരിറ്റി (OAS) എന്നിവയുടെ തുകകൾ ജൂലൈ 29-ന് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലെത്തും. ഒന്റാരിയോ ഡിസബിലിറ്റി സപ്പോർട്ട് പ്രോഗ്രാം (ODSP) പ്രകാരമുള്ള തുക ജൂലൈ 31-ന് വിതരണം ചെയ്യും.
പുതുക്കിയ നിരക്കുകൾ അനുസരിച്ച്, 65 മുതൽ 74 വയസ്സ് വരെയുള്ളവർക്ക് പരമാവധി 751.97 ഡോളറും, 75 വയസും അതിൽ കൂടുതലുമുള്ളവർക്ക് പരമാവധി 827.17 ഡോളറുമാണ് ഓൾഡ് ഏജ് സെക്യൂരിറ്റിയായി ലഭിക്കുക.
65-ാം വയസ്സിൽ വിരമിക്കുന്നവർക്ക് കാനഡ പെൻഷൻ പ്ലാനിൽ നിന്ന് പരമാവധി 1,507.65 ഡോളർ വരെ ലഭിക്കാം. ഒന്റാരിയോയിൽ 1.9 ശതമാനം വർധന നടപ്പാക്കിയതോടെ ഒ.ഡി.എസ്.പി. ഗുണഭോക്താക്കൾക്ക് പ്രതിമാസം പരമാവധി 1,436 ഡോളർ വരെ ലഭിക്കും.

ഇതിനുപുറമെ, ഫെഡറൽ സർക്കാരിന്റെ കാനഡ ഡിസബിലിറ്റി ബെനഫിറ്റ് പദ്ധതിയിലൂടെയും അർഹരായവർക്ക് തുക ലഭിക്കും. ആൽബർട്ടയിൽ വിവിധ പദ്ധതികളിലൂടെ പരമാവധി 1,940 ഡോളർ വരെയും ന്യൂഫൗണ്ട്ലാൻഡിൽ 400 ഡോളർ വരെയും പ്രതിമാസ സഹായം ലഭ്യമാണ്.
2025-ലെ ടാക്സ് റിട്ടേൺ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗ്യാരന്റീഡ് ഇൻകം സപ്ലിമെന്റ് (GIS) ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പുതുക്കി നിശ്ചയിക്കുന്നത്. അതിനാൽ ആനുകൂല്യ വിതരണം തടസ്സപ്പെടാതിരിക്കാൻ നികുതി റിട്ടേൺ കൃത്യസമയത്ത് സമർപ്പിച്ചിട്ടുണ്ടെന്ന് ഗുണഭോക്താക്കൾ ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.
ലഭിക്കേണ്ട തുക എത്രയാണെന്ന് സി.ആർ.എ (Canada Revenue Agency), മൈ സർവീസ് കാനഡ( My Service Canada Account) എന്നീ ഓൺലൈൻ അക്കൗണ്ടുകൾ വഴി പരിശോധിക്കാവുന്നതാണ്. അതേസമയം, ഓഗസ്റ്റ് മാസത്തെ പ്രധാന പെൻഷൻ വിതരണങ്ങൾ ഓഗസ്റ്റ് 20-നും ഓഗസ്റ്റ് 27നും നടക്കുമെന്ന് അധികൃതർ അറിയിച്ചു.
