Sunday, July 26, 2026

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം

യുക്രെയ്‌നിലെ ഒഡെസ തുറമുഖത്ത് വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ‘എംജി എജിഎന്‍ റഗ്‌നാര്‍’ (MV AGN Ragnar) എന്ന വാണിജ്യ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യന്‍ പൗരന്മാരില്‍ രണ്ട് പേര്‍ നിലവില്‍ സുരക്ഷിതരാണെന്ന് കീവിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. എന്നാല്‍, മറ്റ് രണ്ട് പേരെക്കുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കാണാതായ ഇന്ത്യക്കാര്‍ക്കായുള്ള തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നു വരികയാണെന്നും പ്രാദേശിക അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ (X) പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

അടിയന്തര സഹായങ്ങള്‍ക്കായി ഹെല്‍പ്ലൈന്‍ ടെലിഫോണ്‍ നമ്പറും (+380 93 355 9958) ഇമെയില്‍ വിലാസവും എംബസി ലഭ്യമാക്കിയിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികള്‍ ഭാരതം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കരിങ്കടല്‍ മേഖലയില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നാവികര്‍ക്കായി വിദേശകാര്യ മന്ത്രാലയം അടിയന്തര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തൊഴിലുടമകളില്‍ നിന്ന് കപ്പല്‍ സഞ്ചരിക്കുന്ന പാതകള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, ഇന്‍ഷുറന്‍സ് എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഉറപ്പുവരുത്തണം. തൊഴില്‍ കരാറുകള്‍ അന്താരാഷ്ട്ര മാരിടൈം നിയമങ്ങള്‍ക്ക് അനുസൃതമാണെന്ന് ഉറപ്പുവരുത്താനും, യാത്രാവിവരങ്ങള്‍ കുടുംബാംഗങ്ങളെ അറിയിച്ച് അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താനും നിര്‍ദേശമുണ്ട്.

കൂടാതെ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എംബസിയുമായോ കോണ്‍സുലേറ്റുകളുമായോ ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2022 ഫെബ്രുവരിയില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ പ്രധാന വാണിജ്യ കേന്ദ്രമായ ഒഡെസ തുറമുഖത്ത് പലതവണ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. മുന്‍പ് ജൂലൈ 19-ന് ഒഡെസ തുറമുഖത്ത് വച്ച് കപ്പലിന് നേരെ നടന്ന ആക്രമണത്തില്‍ നാല് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മേഖലയില്‍ സുരക്ഷാ ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!