Thursday, July 23, 2026

സൗദിക്ക് ആണവോര്‍ജം നല്‍കാന്‍ 30 വര്‍ഷം നീളുന്ന കരാറില്‍ ഒപ്പുവെച്ച് അമേരിക്ക

റിയാദ്: സൗദി അറേബ്യയും അമേരിക്കയും തമ്മില്‍ 30 വര്‍ഷം നീളുന്ന ചരിത്രപ്രധാനമായ സിവില്‍ ആണവോര്‍ജ സഹകരണ കരാറില്‍ ഒപ്പുവെച്ചു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതോടെയാണ് യു.എസ് ഊര്‍ജ്ജ സെക്രട്ടറി ക്രൈസ് റൈറ്റും സൗദി ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും കരാറില്‍ ഒപ്പുവെച്ചത്.

ഇസ്രായേലിന്റെയും യു.എസ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ജനപ്രതിനിധികളുടെയും ശക്തമായ എതിര്‍പ്പുകള്‍ മറികടന്നാണ് ഈ നിര്‍ണായക നീക്കം. സമാധാന ആവശ്യങ്ങള്‍ക്കായി സൗദി അറേബ്യക്ക് സ്വന്തം മണ്ണില്‍ യുറേനിയം സമ്പുഷ്ടീകരിക്കാന്‍ അവസരമൊരുക്കുന്നതാണ് ഈ കരാര്‍. റിയാദില്‍ സ്ഥാപിക്കുന്ന പുതിയ ആണവോര്‍ജ പ്ലാന്റുകളുടെ നിര്‍മാണം, സാങ്കേതികവിദ്യ കൈമാറ്റം, സമ്പുഷ്ടീകരണം, നടത്തിപ്പ് എന്നിവയിലെല്ലാം അമേരിക്കന്‍ കമ്പനികള്‍ക്കാകും പൂര്‍ണ ചുമതല.

സഹസ്രകോടി ഡോളറിന്റെ നിക്ഷേപമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. നേരത്തെ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി ആണവ ചര്‍ച്ചകള്‍ സൗദി നടത്തിയിരുന്നെങ്കിലും, അമേരിക്കയുമായി ധാരണയായതോടെ ഈ നീക്കങ്ങള്‍ക്ക് വിരാമമായി. കരാറിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സൗദി അറേബ്യ ആണവായുധങ്ങള്‍ നിര്‍മിക്കുന്നത് തടയാനാവശ്യമായ കര്‍ശനമായ ‘ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ്’ ചട്ടങ്ങളോ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (IAEA) അധിക പരിശോധനാ വ്യവസ്ഥകളോ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇറാന്റെ ഭീഷണി നിലനില്‍ക്കെ സൗദിക്ക് ആണവ ശേഷി ലഭിക്കുന്നത് പശ്ചിമേഷ്യയില്‍ പുതിയൊരു ആണവ മത്സരത്തിന് വഴിവെക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ വൈദ്യുതി ഉല്‍പ്പാദനം, കുടിവെള്ള സംസ്‌കരണം തുടങ്ങിയ സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഈ പദ്ധതി ഉപയോഗപ്പെടുത്തുകയെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി. യു.എസ് ഭരണകൂടവുമായും ട്രംപുമായും നിലനില്‍ക്കുന്ന ശക്തമായ നയതന്ത്ര-വ്യാപാര ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ കരാറെന്നും, രാജ്യത്തിന്റെ ഭാവി ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ഇത് വലിയ കുതിച്ചുചാട്ടമാകുമെന്നുമാണ് സൗദിയുടെ വിലയിരുത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!