ഓട്ടവ: പി.ഇ.ഐ.യിലെ ഡീസല്‍ വിലവര്‍ധനവ് കര്‍ഷകരുടെ ലാഭത്തെ സാരമായി ബാധിക്കുന്നു. ഗതാഗതച്ചെലവിലുണ്ടാകുന്ന ഈ വര്‍ധന രാജ്യത്തുടനീളമുള്ള ഭക്ഷ്യവസ്തുക്കളുടെ വില ഉയരാന്‍ കാരണമാകുമെന്ന മുന്നറിയിപ്പുമായി വ്യാപാരികളും രംഗത്തെത്തി.
ഹണ്ടര്‍ റിവറിലെ ക്ഷീരകര്‍ഷകനായ ഡാനിയല്‍ ഹാഗ്മാന്റെ വാര്‍ഷിക ഇന്ധനച്ചെലവ് നിലവില്‍ത്തന്നെ പതിനായിരം ഡോളറാണ്. ട്രാക്ടറുകളുടെ പ്രവര്‍ത്തനത്തിനും 120 പശുക്കള്‍ക്കുള്ള തീറ്റ എത്തിക്കുന്നതിനും പാല്‍ വിപണിയിലെത്തിക്കുന്നതിനുമെല്ലാം ഡീസലിനെയാണ് ഇദ്ദേഹം ആശ്രയിക്കുന്നത്. ഡീസല്‍ വില ഉയര്‍ന്നതോടെ കര്‍ഷകരുടെ ലാഭം കുറയുകയാണെന്ന് ഡയറി ഫാര്‍മേഴ്‌സ് ഓഫ് പി.ഇ.ഐ. ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഹാഗ്മാന്‍ ചൂണ്ടിക്കാട്ടി.

പി.ഇ.ഐ.യില്‍ വെള്ളിയാഴ്ച ഡീസല്‍ വില ലിറ്ററിന് 2.44 ഡോളറായി ഉയര്‍ന്നു. ഇത് ദേശീയ ശരാശരിയേക്കാള്‍ 17 സെന്റ് കൂടുതലാണ്. തുടക്കത്തില്‍ വിലവര്‍ധന പ്രതീക്ഷിക്കാതിരുന്ന കര്‍ഷകര്‍ നിലവില്‍ ഈ സാമ്പത്തിക നഷ്ടം സ്വയം സഹിക്കുകയാണെങ്കിലും, ഇത് അധികകാലം തുടരാനാവില്ലെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. പുല്ല് വെട്ടുന്നതിനും തീറ്റ ശേഖരിക്കുന്നതിനുമുള്ള കരാറുകാരുടെ നിരക്കുവര്‍ധനവും മറ്റു ഉപകരണങ്ങളുടെ ചെലവും കര്‍ഷകര്‍ക്ക് അധികഭാരമാകുന്നുണ്ട്. ഇതിന്റെ ആഘാതം ഒടുവില്‍ ഉപഭോക്താക്കളിലേക്ക് തന്നെ കൈമാറേണ്ടി വരുമെന്നാണ് കര്‍ഷകരുടെ പക്ഷം.
ഡീസല്‍ വിലക്കയറ്റം പല്‍ ഉല്‍പ്പന്നങ്ങളെ മാത്രമല്ല, എല്ലാത്തരം ഭക്ഷ്യവസ്തുക്കളെയും ബാധിക്കുമെന്ന് കാനഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ഗ്രോസേഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗാരി സാന്‍ഡ്‌സ് മുന്നറിയിപ്പ് നല്‍കി. ദീര്‍ഘദൂരം സഞ്ചരിച്ച് എത്തിക്കുന്നതും, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതും, കോള്‍ഡ് സ്റ്റോറേജ് സൗകര്യം ആവശ്യമായതുമായ പുതിയ പഴങ്ങള്‍, പച്ചക്കറികള്‍, ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയെയാകും ഇത് ആദ്യം ബാധിക്കുക.
ചരക്കുനീക്കത്തിന് കൂടുതല്‍ ചെലവ് വരുന്ന വടക്കന്‍ പ്രദേശങ്ങളിലും ഗ്രാമീണ, വിദൂര മേഖലകളിലും ഇതിന്റെ പ്രത്യാഘാതം കൂടുതലായിരിക്കും. ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്താന്‍ എടുക്കുന്ന സമയത്തിനനുസരിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളിലോ മാസങ്ങള്‍ക്കുള്ളിലോ ഈ വിലവര്‍ധനവ് കടകളില്‍ പ്രതിഫലിച്ചു തുടങ്ങും.
നികുതി ഇളവുള്ള ഡീസല്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ടെങ്കിലും ഉയര്‍ന്ന ഇന്ധനവില കര്‍ഷകരുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായിത്തന്നെ ബാധിക്കുന്നുണ്ട്. വരും മാസങ്ങളില്‍ വില കുറഞ്ഞില്ലെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ കര്‍ഷകര്‍ക്ക് മറ്റ് വഴികളില്ലാതെ ചെലവുകള്‍ ഉപഭോക്താക്കളിലേക്ക് മാറ്റേണ്ടി വരും.
