ടൊറന്റോ: കാനഡയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റിലെ (WestJet) കാബിൻ ക്രൂ ജീവനക്കാർ 72 മണിക്കൂർ പണിമുടക്കിനായി നോട്ടീസ് നൽകി. ചർച്ചകളിൽ ധാരണയായില്ലെങ്കിൽ ഞായറാഴ്ച അർധരാത്രി മുതൽ പണിമുടക്ക് ആരംഭിക്കാനാണ് സാധ്യത.
വെസ്റ്റ്ജെറ്റ് വിമാനക്കമ്പനി ജീവനക്കാരുടെ യൂണിയനായ കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ്(CUPE) വേതനവും ജോലി സാഹചര്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ കമ്പനിയുമായി ഇപ്പോഴും ധാരണയിലെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി.തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിച്ച് ന്യായമായ കരാറിലെത്താൻ അവസാന നിമിഷം വരെ ചർച്ച തുടരുമെന്നും യൂണിയൻ അറിയിച്ചു.
അതേസമയം, പണിമുടക്ക് നോട്ടീസിന് മറുപടിയായി വെസ്റ്റ്ജെറ്റും 72 മണിക്കൂർ ലോക്കൗട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. സർവീസുകളുടെ തുടർച്ച ഉറപ്പാക്കാനും യാത്രക്കാർക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാനുമാണ് ഈ നടപടിയെന്ന് കമ്പനിയുടെ സിഇഒ അലക്സിസ് വോൻ ഹോൻസ്ബ്രോച്ച് വ്യക്തമാക്കി.
രണ്ടു വിഭാഗങ്ങളും തമ്മിൽ ധാരണയിലെത്തിയില്ലെങ്കിൽ ഞായറാഴ്ച പുലർച്ചെ 12.01 മുതൽ തൊഴിൽ സമരം ആരംഭിക്കാം. എന്നാൽ നോട്ടീസ് നൽകിയതുകൊണ്ട് മാത്രം പണിമുടക്ക് ഉറപ്പായിട്ടില്ലെന്നും അവസാന നിമിഷം വരെ ചർച്ചകൾ തുടരുമെന്നും ഇരുപക്ഷവും അറിയിച്ചു.

സമരത്തിന് സാധ്യതയുള്ളതിനാൽ ജൂലൈ 30 മുതൽ ഓഗസ്റ്റ് 4 വരെ മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർക്ക് ഒരുതവണ യാത്ര തീയതി മാറ്റാനോ ടിക്കറ്റ് റദ്ദാക്കാനോ അധിക ഫീസ് ഈടാക്കില്ലെന്ന് വെസ്റ്റ്ജെറ്റ് മുൻപ് അറിയിച്ചിരുന്നു.സമരം മൂലം വിമാനങ്ങൾ റദ്ദാകുകയോ വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് സാഹചര്യമനുസരിച്ച് പണം തിരികെ നൽകുകയോ പകരം യാത്രാസൗകര്യം ഒരുക്കുകയോ ചെയ്യുമെന്ന് വെസ്റ്റ്ജെറ്റ് അധികൃതർ വ്യക്തമാക്കി.
യൂണിയന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് വിമാനയാത്രയ്ക്ക് മുമ്പും ശേഷവും ജീവനക്കാർ നിർവഹിക്കുന്ന ഗ്രൗണ്ട് ഡ്യൂട്ടികൾക്ക് പ്രത്യേക പ്രതിഫലം നൽകണമെന്നതാണ്. എന്നാൽ എല്ലാ ജോലികൾക്കും നിലവിലെ “ക്രെഡിറ്റ് അവർ” സംവിധാനത്തിലൂടെ പ്രതിഫലം നൽകുന്നുണ്ടെന്ന നിലപാടിലാണ് കമ്പനി.
വേനൽക്കാല അവധി സീസണിലും കാനഡയിലെ ലോങ് വീക്കെൻഡിനും മുന്നോടിയായുള്ള ഈ തൊഴിൽ തർക്കം പരിഹരിക്കപ്പെടാത്ത പക്ഷം, രാജ്യത്തെ ആഭ്യന്തര-അന്തർദേശീയ വിമാന സർവീസുകളെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
