അബുദാബി∙ കുവൈത്തിനും ജോർദാനും നേർക്കുണ്ടായ ഇറാന്റെ മിസൈലാക്രമണങ്ങളെയും ഈജിപ്തിലെ ഡാമിയറ്റ തുറമുഖത്തുണ്ടായ ഡ്രോൺ ആക്രമണത്തെയും ശക്തമായി അപലപിച്ച് യുഎഇ. അയൽരാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കടുത്ത ഭീഷണിയുമാണ് ഇറാന്റെ നടപടിയെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

കുവൈത്തിനും ജോർദാനും പൂർണ പിന്തുണ പ്രഖ്യാപിച്ച യുഎഇ, ഇരു രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഒപ്പമുണ്ടാകുമെന്നും അറിയിച്ചു.
അതിനിടെ, ഈജിപ്തിലെ ഡാമിയറ്റ തുറമുഖത്ത് രണ്ട് കപ്പലുകൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തെ യുഎഇയും മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്സും അതിരൂക്ഷമായ ഭാഷയിൽ അപലപിച്ചു. രാജ്യാന്തര കപ്പൽ ഗതാഗതത്തിനും തന്ത്രപ്രധാനമായ തുറമുഖങ്ങൾക്കും വലിയ ഭീഷണി ഉയർത്തുന്ന അപകടകരമായ നീക്കമാണിതെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആക്രമണത്തിൽ ഈജിപ്തിനോടും അവിടുത്തെ ജനങ്ങളോടും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച യുഎഇ, രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാൻ ഈജിപ്ത് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ നൽകുമെന്ന് ഉറപ്പുനൽകി. രാജ്യങ്ങളുടെ സുരക്ഷ തകർക്കുന്നതും അടിസ്ഥാന സൗകര്യങ്ങളെയും സമുദ്രസുരക്ഷയെയും അപകടത്തിലാക്കുന്നതുമായ ഇത്തരം ആക്രമണങ്ങളെ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് അബുദാബി ആസ്ഥാനമായുള്ള മുസ് ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് വ്യക്തമാക്കി. ഇത്തരം ശത്രുതാപരമായ നീക്കങ്ങളെ തടയാനും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ശക്തമായ രാജ്യാന്തര ഇടപെടൽ ആവശ്യമാണെന്ന് ആഹ്വാനം ചെയ്തു.
∙ജോർദാൻ, ഈജിപ്ത് വിദേശകാര്യ മന്ത്രിമാരുമായി ഷെയ്ഖ് അബ്ദുല്ല ഫോണിൽ സംസാരിച്ചു; ആക്രമണങ്ങളെ അപലപിച്ചു അതേസമയം, ജോർദാനു നേർക്കുണ്ടായ ഇറാന്റെ മിസൈലാക്രമണത്തിന്റെയും ഈജിപ്തിലെ ഡാമിയറ്റ തുറമുഖത്തുണ്ടായ ഡ്രോൺ ആക്രമണത്തിന്റെയും പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ ചർച്ച നടത്തി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാൻ.
ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ സഫാദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, രാജ്യത്തിനു നേർക്കുണ്ടായ അക്രമങ്ങളെ ഇരുനേതാക്കളും കടുത്ത ഭാഷയിൽ അപലപിച്ചു. ജോർദാന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും യുഎഇയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും ഷെയ്ഖ് അബ്ദുല്ല അറിയിച്ചു.
ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദലാത്തിയുമായും ഷെയ്ഖ് അബ്ദുല്ല ഫോണിൽ സംസാരിച്ചു. ഡാമിയറ്റ തുറമുഖത്തിനു നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തെ അപലപിച്ച അദ്ദേഹം, ഈജിപ്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന എല്ലാ നടപടികൾക്കും യുഎഇ ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി.
മധ്യപൂർവദേശത്തെ നിലവിലെ സ്ഥിതിഗതികളും മേഖലയിൽ സമാധാനവും സുരക്ഷിതത്വവും പുനഃസ്ഥാപിക്കാനുള്ള പ്രാദേശിക, രാജ്യാന്തര നീക്കങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു.
