Saturday, August 1, 2026

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; കനത്ത മഴയിലും ഉരുൾപൊട്ടലിലുമായി 7 മരണം; 8 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വ്യാപക നാശനഷ്ടം. ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ ഉരുൾപൊട്ടലുകളും വിവിധയിടങ്ങളിലെ വെള്ളക്കെട്ടും ഒഴുക്കും ദുരന്തമായി മാറി. വിവിധ അപകടങ്ങളിലായി ഏഴ് പേർ മരിച്ചു. ഇതിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു.അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലും നദീതീര പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഇടുക്കി കുടയത്തൂർ അടൂർമലയിൽ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട് പൂർണമായും മണ്ണിനടിയിലായി. അപകടത്തിൽ സുമതി മരിച്ചു. ഭർത്താവും മകനും രക്ഷപ്പെട്ടെങ്കിലും സുമതിയെ ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തി. വാഗമൺ കോലാഹലമേട്ടിലും വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. കോട്ടയം പൂഞ്ഞാർ തെക്കേക്കരയിൽ വീട് തകർന്നുവീണ് മറ്റൊരു സ്ത്രീ മരിക്കുകയും ഒരാൾ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു.

മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ വെള്ളക്കെട്ടിലും തോട്ടിലെ ഒഴുക്കിലുംപ്പെട്ട് മൂന്ന് കുട്ടികൾ മരിച്ചത് ദുഃഖത്തിന് ഇടയാക്കി. വീടുകൾക്ക് സമീപമുള്ള വെള്ളക്കെട്ടുകളും കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായ ഒഴുക്കുമാണ് അപകടങ്ങൾക്ക് കാരണമായത്.

പത്തനംതിട്ടയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സൂചനയുണ്ട്. പമ്പയാറ്റിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മണിയാർ, മൂഴിയാർ, കക്കി, ഗവി, കൊച്ചു പമ്പ എന്നീ ഡാമുകൾ തുറക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം നെയ്യാർ ഡാമിന്റെ ഷട്ടറുകളും കൂടുതൽ ഉയർത്തും. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കനത്ത മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. വിവിധ ദേശീയപാതകളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഗതാഗതത്തെ ബാധിച്ചു. എറണാകുളം, കാസർകോട് ജില്ലകളിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചു.

കൊല്ലം ജില്ലയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. രക്ഷാപ്രവർത്തനം തുടരുകയാണ്.

സ്ഥിതിഗതികൾ വിലയിരുത്തിയ സർക്കാർ, ആവശ്യമായ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. മഴ ശക്തമായി തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!