റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷാവസ്ഥകളും അവയുണ്ടാക്കുന്ന അന്താരാഷ്ട്ര പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചു. ഞായറാഴ്ചയായിരുന്നു ഏറെ നയതന്ത്ര പ്രാധാന്യമുള്ള ഈ സംഭാഷണം നടന്നത്.
മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനായി സൈനിക നീക്കങ്ങള്‍ക്ക് പകരം നയതന്ത്ര ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയില്‍ സൗദി കിരീടാവകാശി ഊന്നിപ്പറഞ്ഞു. പശ്ചിമേഷ്യയിലെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനും സാഹചര്യം ഒരു വന്‍ യുദ്ധത്തിലേക്ക് വഴിമാറുന്നത് തടയുന്നതിനും അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തുനിന്ന് എല്ലാവിധ ശ്രമങ്ങളും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മേഖലയിലെ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഒഴിവാക്കണമെന്ന് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. ഫോണ്‍ സംഭാഷണത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള വിവിധ സഹകരണ മേഖലകള്‍ അവലോകനം ചെയ്ത ഇരുവരും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു.
