ജക്കാര്‍ത്ത: ഇന്തൊനീഷ്യയില്‍ 250 ഓളം യാത്രക്കാരുമായി സഞ്ചരിച്ച ഫെറിക്ക് തീപിടിച്ച് വന്‍ അപകടം. ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപിലെ മകാസറിലേക്ക് പോകുകയായിരുന്ന ഫെറിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ 5 പേര്‍ മരിക്കുകയും 41 പേരെ കാണാതാവുകയും ചെയ്‌തെന്നാണ് പ്രാഥമിക വിവരം.
യാത്ര ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് ഫെറിയില്‍ നിന്ന് പുക ഉയര്‍ന്നത്. തുടര്‍ന്ന് ഫെറിക്ക് തീപിടിച്ചതായി ക്യാപ്റ്റന്‍ അടിയന്തര സന്ദേശം നല്‍കിയെങ്കിലും, തൊട്ടുപിന്നാലെ ഫെറിയുമായുള്ള ആശയവിനിമയം പൂര്‍ണ്ണമായും നിലച്ചു. ഇന്തൊനീഷ്യയിലെ ജാവയിലെ സപുഡി ദ്വീപിന് ഏകദേശം 19 നോട്ടിക്കല്‍ മൈല്‍ വടക്ക് മാറിയാണ് നിലവില്‍ ഫെറിയുള്ളത്. അപകടത്തില്‍ ഫെറി ഏകദേശം പൂര്‍ണമായും കത്തിനശിക്കുകയും മുങ്ങുകയും ചെയ്തിട്ടുണ്ട്.

ദുരന്തസമയത്ത് അപകടസ്ഥലത്തിന് സമീപത്തുണ്ടായിരുന്ന കപ്പലുകളും ചെറുയാനങ്ങളും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരുകയായിരുന്നു. നിലവില്‍ നാല് കപ്പലുകള്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫെറിയില്‍ തീ പടര്‍ന്നുപിടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ലൈഫ് ജാക്കറ്റുകള്‍ ധരിച്ച യാത്രക്കാര്‍ ഭീതിയോടെ ഫെറിയുടെ മറുവശത്ത് തിങ്ങിനിറഞ്ഞുനില്‍ക്കുന്നതും, ജീവന്‍ രക്ഷിക്കാനായി ചില യാത്രക്കാര്‍ വെള്ളത്തിലേക്ക് ചാടുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ശക്തമായി പുരോഗമിക്കുകയാണ്.
