Sunday, August 2, 2026

വെസ്റ്റ്‌ജെറ്റ് ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് പണിമുടക്ക്: സര്‍വീസുകള്‍ മുടങ്ങി; വലഞ്ഞ് യാത്രാക്കാര്‍

ഓട്ടവ: കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ വെസ്റ്റ്‌ജെറ്റിലെ നാലായിരത്തിലധികം വരുന്ന ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകള്‍ സമരം ആരംഭിച്ചതോടെ രാജ്യത്തെ വ്യോമഗതാഗതം കടുത്ത പ്രതിസന്ധിയിലായി. ജീവനക്കാരുടെ അപ്രതീക്ഷിത പണിമുടക്ക് മൂലം നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.

മാനേജ്മെന്റും തൊഴിലാളി സംഘടനയായ കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസും (CUPE Local 8125) തമ്മില്‍ നടന്ന പുതിയ വേതന കരാര്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം. തിരക്കേറിയ വേനല്‍ക്കാല വാരാന്ത്യത്തില്‍ സമരം തുടങ്ങിയതോടെ വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും തടസ്സപ്പെടുകയും ആയിരക്കണക്കിന് യാത്രക്കാര്‍ വലയുകയും ചെയ്തു.

ശനിയാഴ്ച അര്‍ദ്ധരാത്രി പണിമുടക്ക് കാലാവധി അവസാനിച്ചതോടെയാണ് സമരം ആരംഭിച്ചതായി ഇരുവിഭാഗവും പ്രഖ്യാപിച്ചത്. നേരത്തെ ജൂലൈ 30-ന് യൂണിയന്‍ 72 മണിക്കൂര്‍ പണിമുടക്ക് നോട്ടീസും, ഇതിന് മറുപടിയായി കമ്പനി ലോക്കൗട്ട് നോട്ടീസും നല്‍കിയിരുന്നു. സമരം മുന്‍കൂട്ടി കണ്ട് യാത്രക്കാരെയും വിമാന ജീവനക്കാരെയും വഴിയില്‍ കുടുക്കാതിരിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ വെസ്റ്റ്‌ജെറ്റ് നൂറുകണക്കിന് സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

കാല്‍ഗറിയിലെ കമ്പനി ആസ്ഥാനത്ത് ഇരുവിഭാഗങ്ങളും തമ്മില്‍ അവസാന നിമിഷം വരെ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രധാന ആവശ്യങ്ങളില്‍ ധാരണയിലെത്താനായില്ല. വിമാനങ്ങള്‍ റണ്‍വേയിലും ഗേറ്റിലും കിടക്കുന്ന സമയത്ത് ജീവനക്കാര്‍ ചെയ്യുന്ന ജോലികള്‍ക്ക് (ഗ്രൗണ്ട് ഡ്യൂട്ടി) പ്രത്യേകം വേതനം നല്‍കുന്നില്ലെന്നതാണ് തര്‍ക്കത്തിലെ പ്രധാന വിഷയം. എന്നാല്‍, നിലവിലെ ‘ക്രഡിറ്റ് അവര്‍’ സിസ്റ്റം അനുസരിച്ച് ഫ്‌ലൈറ്റ് സമയം, ഗ്രൗണ്ട് ജോലികള്‍, സര്‍വീസ് വൈകല്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി ഉയര്‍ന്ന നിരക്കിലാണ് വേതനം നല്‍കുന്നതെന്നാണ് മാനേജ്മെന്റിന്റെ അവകാശവാദം.

ഒരു മാസം 80 മണിക്കൂര്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് 2,300 ഡോളര്‍ മുതല്‍ 4,300 ഡോളര്‍ വരെയാണ് വേതനം ലഭിക്കുന്നത്. പണിമുടക്ക് യാത്രക്കാരെ ബാധിച്ചതില്‍ ഖേദം പ്രകടിപ്പിച്ച വെസ്റ്റ്‌ജെറ്റ് സിഇഒ അലക്‌സിസ് വോണ്‍ ഹോന്‍സ്‌ബ്രോക്ക്, സര്‍വീസുകള്‍ തടസ്സപ്പെട്ടവര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കുകയോ മറ്റ് യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്ന് വ്യക്തമാക്കി. കാനഡയിലെ വ്യോമയാന മേഖലയില്‍ പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന മികച്ച പാക്കേജാണ് കമ്പനി മുന്നോട്ടുവെച്ചതെന്നും, ആദ്യ വര്‍ഷം തന്നെ മികച്ച വേതന വര്‍ധനവും ഗ്രൗണ്ട് ഡ്യൂട്ടിക്കുള്ള ആനുകൂല്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍, കഴിഞ്ഞ 11 മാസമായി തങ്ങള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ പരിഗണിക്കാന്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ലെന്നും കമ്പനിയുടെ ഓഫര്‍ പര്യാപ്തമല്ലെന്നും സി.യു.പി.ഇ 8125 പ്രസിഡന്റ് ആലിയ ഹുസൈന്‍ പ്രതികരിച്ചു.

ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചര്‍ച്ചകള്‍ തുടരാന്‍ തയ്യാറാണെന്ന് അറിയിച്ച യൂണിയന്‍, സര്‍ക്കാര്‍ ഈ കൂട്ടായ ചര്‍ച്ചകളില്‍ ഇടപെടരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിദിനം 600-ലധികം സര്‍വീസുകള്‍ നടത്തുന്ന വെസ്റ്റ്‌ജെറ്റിന്റെ ഈ സമരം കാനഡയിലെ വ്യോമഗതാഗതത്തെ വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമായ പ്രതിസന്ധിയിലാക്കാനാണ് സാധ്യത.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!