Sunday, August 2, 2026

മുൻമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; SIT അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തുടരന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.കേസിൽ കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റുൾപ്പെടെ അഞ്ച് പേരാണ് പ്രതികൾ. കേസിന്റെ അന്വേഷണം തൃപ്തികരമായ രീതിയിൽ നടന്നില്ലെന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചുള്ള ആഭ്യന്തരവകുപ്പിന്റെ നടപടി.

ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജ് എത്തിയപ്പോൾ കരിങ്കൊടി പ്രതിഷേധത്തിനായി എത്തിയ കെ.എസ്.യു പ്രവർത്തകർ ആക്രമണം നടത്തുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തെന്നായിരുന്നു കേസ്. സംഭവത്തിൽ അന്നത്തെ മന്ത്രിക്ക് പരുക്കേറ്റതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ലെന്നും കേസ് വ്യാജപരാതിയുടെ അടിസ്ഥാനത്തിലാണെന്നുമായിരുന്നു അന്നത്തെ പ്രതിപക്ഷത്തിന്റെ ആരോപണം. ഇതോടെ സംഭവം രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിരുന്നു.

നിലവിൽ റെയിൽവേ പൊലീസാണ് കേസ് അന്വേഷിച്ചുവരുന്നത്. തുടക്കത്തിൽ പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും കോടതി ഇടപെടലിനെ തുടർന്ന് അവ ഒഴിവാക്കി പുതുക്കിയ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യവും ഉണ്ടായിരുന്നു.

കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് യാഥാർഥ്യം കണ്ടെത്തണമെന്നാണ് എസ്‌ഐടിക്ക് ആഭ്യന്തരവകുപ്പ് നൽകിയ നിർദേശം. അന്വേഷണത്തിന്റെ ഭാഗമായി നിലവിലെ തെളിവുകളും സാക്ഷിമൊഴികളും ഉൾപ്പെടെ വീണ്ടും വിശദമായി പരിശോധിക്കുമെന്നാണ് വിവരം.

പരാതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ സൂക്ഷ്മത പുലർത്താത്തതിന് സിപിഐഎം യോഗങ്ങളിൽ ഉൾപ്പെടെ വിമർശനങ്ങൾ ഉയർന്നിരുന്നു.
പുതിയ അന്വേഷണത്തിലൂടെ കേസിന്റെ യഥാർഥ സ്ഥിതിവിവരങ്ങൾ വ്യക്തമാകുമെന്നാണ് വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!