ഡൽഹി: പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ നേരിടുന്ന സംസ്ഥാനങ്ങൾക്ക് എസ്ഡിആർഎഫ് ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ. 2,117.85 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങൾക്ക് മുൻകൂറായി അനുവദിച്ചത്. എന്നാൽ ധനസഹായം ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ല.
അരുണാചൽ പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്രം മന്ത്രി തല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. പ്രളയബാധിത മേഖലകളിലെ നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും തുടർ നടപടികളെന്ന് കേന്ദ്രം അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും എട്ട് മരണങ്ങളാണ് സ്ഥിരീകരിച്ചത്. എട്ട് പേരെ കാണാതായതായും 13 പേർ പരുക്കേറ്റ് ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.
ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നു. മഴക്കെടുതിയെ തുടർന്ന് 202 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
മഴ ഏറ്റവും കൂടുതൽ നാശം വിതച്ച പത്തനംതിട്ട ജില്ലയിൽ മാത്രം ആയിരത്തിലേറെ പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. റാന്നി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം പതിയെ ഇറങ്ങിത്തുടങ്ങിയെങ്കിലും ചെളി നീക്കം ചെയ്യുന്നതിലും നഷ്ടപരിഹാര നടപടികളിലും സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനം വൈകുന്നതായി വിമർശനം ഉയരുന്നുണ്ട്.
