Sunday, August 2, 2026

ദുരിതപ്പെയ്ത്തിൽ എട്ട് മരണം; സംസ്ഥാനത്ത് 202 ദുരിതാശ്വാസ ക്യാമ്പുകൾ, 5792 പേരെ മാറ്റിപ്പാർപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ഇതുവരെ എട്ട് പേർ മരിച്ചു. 13 പേർക്ക് പരുക്കേറ്റതായും എട്ട് പേരെ കാണാതായതായും അധികൃതർ അറിയിച്ചു. മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്തുടനീളം 202 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പുകളിലായി 5,792 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.

ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. ഇവിടെ 66 ക്യാമ്പുകളിലായി 1,669 പേരാണ് കഴിയുന്നത്. കോട്ടയം ജില്ലയിൽ 35 ക്യാമ്പുകളിലായി 824 പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അതിശക്തമായ മഴയിൽ സംസ്ഥാനത്ത് 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നു.

മഴക്കാലത്തെ നേരിടാൻ ആരോഗ്യവകുപ്പ് പൂർണസജ്ജമാണെന്ന് മന്ത്രി കെ മുരളീധരൻ അറിയിച്ചു. ആരോഗ്യവകുപ്പ് ജാഗ്രതയിലാണെന്നും ആവശ്യമായ മരുന്നുകൾ ശേഖരിച്ചുതുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് റവന്യൂമന്ത്രി എ പി അനിൽ കുമാർ അറിയിച്ചു. നിലവിൽ 2018ലെ പ്രളയസാഹചര്യമില്ലെന്നും തീരദേശ മേഖലകളിൽ നിന്ന് മാറിത്താമസിക്കുന്ന കുടുംബങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളി മേഖലയിലെ ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും നൽകുമെന്നും സർക്കാർ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പ് നൽകി.കാലവർഷത്തിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ നടത്തിയിരുന്നുവെന്നും ഏത് സാഹചര്യവും നേരിടാൻ സജ്ജരായിരിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. കാലവർഷം അവസാനിക്കുന്നതുവരെ ഈ ജാഗ്രത തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളം കയറിയ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്യും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!