Sunday, August 2, 2026

മഴക്കെടുതിക്കിടെ മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുത്തു; രൂക്ഷ വിമർശനവുമായി V ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുന്നതിനിടെ മുഖ്യമന്ത്രി വി ഡി സതീശൻ യൂത്ത് ലീഗ് നേതാവിന്റെ വിരുന്നിൽ പങ്കെടുത്തതിനെതിരെ വിമർശനവുമായി മുൻമന്ത്രി വി ശിവൻകുട്ടി.ദുരന്തസാഹചര്യത്തിൽ മുഖ്യമന്ത്രി ഔദ്യോഗിക ഉത്തരവാദിത്തങ്ങൾക്ക് മുൻഗണന നൽകേണ്ടതായിരുന്നുവെന്നും ജനങ്ങൾ ആശങ്കയിൽ കഴിയുമ്പോൾ വിരുന്നിൽ പങ്കെടുക്കുന്നത് ഉചിതമല്ലെന്നും ശിവൻകുട്ടി ആരോപിച്ചു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

“റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന് തുല്യമാണ്” മുഖ്യമന്ത്രിയുടെ നടപടിയെന്ന് ശിവൻകുട്ടി വിമർശിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്തമാണ് ഭരണാധികാരി കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട സമയമാണിതെന്നും, എന്നാൽ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ മാറ്റിവെച്ച് പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സൽക്കാരത്തിൽ മുഖ്യമന്ത്രി പങ്കെടുത്തെന്നും ശിവൻകുട്ടി ആരോപിച്ചു.

വ്യക്തിപരമായ സൽക്കാരങ്ങൾക്കും താൽപര്യങ്ങൾക്കും മുൻഗണന നൽകുന്ന സമീപനം പദവിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ ഭരണാധികാരികളുടെ സന്നദ്ധതയും നിശ്ചയദാർഢ്യവുമാണ് ജനങ്ങൾക്ക് ആശ്വാസമാകേണ്ടതെന്നും ശിവൻകുട്ടി വ്യക്തമാക്കി.

രണ്ട് മഹാപ്രളയങ്ങളും കൊവിഡ് മഹാമാരിയും ഉണ്ടായപ്പോൾ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയ രീതിയെ ചൂണ്ടിക്കാട്ടിയ ശിവൻകുട്ടി, ഇച്ഛാശക്തിയോടെ ഭരണം നടത്താൻ വി ഡി സതീശൻ മാതൃക സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!