Tuesday, August 4, 2026

സെന്റ് കാതറിൻസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; തുടർച്ചയായ പ്രളയത്തിൽ വ്യാപക നാശനഷ്ടം

ടൊറന്റോ: ഒരാഴ്ചയ്ക്കിടെ ഉണ്ടായ രണ്ട് ശക്തമായ മഴക്കെടുതികൾക്ക് പിന്നാലെ ഒന്റാരിയോയിലെ സെന്റ് കാതറിൻസ് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും പൊതുസ്വത്തിനും വലിയ നാശനഷ്ടമുണ്ടായതോടെയാണ് നഗരസഭ നടപടി സ്വീകരിച്ചത്.

ഒരു ആഴ്ചയ്ക്കുള്ളിൽ പെയ്ത കനത്ത മഴയിൽ 140 മില്ലിമീറ്ററിലധികം മഴയാണ് നഗരത്തിൽ ലഭിച്ചത്. കനത്ത മഴയെത്തുടർന്ന് ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറുകയും നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകരുകയും ചെയ്തു. മേയർ മാറ്റ് സിസ്കോയാണ് (Mat Siscoe) നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തര സഹായങ്ങൾ വേഗത്തിൽ എത്തിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപനമെന്ന് മേയർ അറിയിച്ചു.

വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകൾ, കൃഷിയിടങ്ങൾ, മുന്തിരിത്തോട്ടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായി. മണ്ണിടിച്ചിലും തീരപ്രദേശങ്ങളിലെ മണ്ണൊലിപ്പും നഗര അടിസ്ഥാനസൗകര്യങ്ങൾക്ക് തിരിച്ചടിയായതായി അധികൃതർ അറിയിച്ചു.കഴിഞ്ഞ ചൊവ്വാഴ്ച മുതൽ നഗരത്തിലെ എമർജൻസി ഓപ്പറേഷൻസ് സെന്റർ പ്രവർത്തനക്ഷമമായി തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിഭവങ്ങൾ മുൻഗണന അനുസരിച്ച് വിനിയോഗിക്കാനും കേന്ദ്രം സഹായിക്കുന്നതായി അധികൃതർ അറിയിച്ചു.

നയാഗ്ര-ഓൺ-ദി-ലേക്ക് മേഖലയിലും കനത്ത മഴ വലിയ നാശം വിതച്ചു. ചില പ്രദേശങ്ങളിൽ ഒറ്റ രാത്രിയിൽ 160 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി അധികൃതർ അറിയിച്ചു. വീടുകളിലും കൃഷിയിടങ്ങളിലും മുന്തിരിത്തോട്ടങ്ങളിലും വെള്ളം കയറി.

ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും ഉദ്യോ​ഗസ്ഥരെത്തി നാശനഷ്ടം വിലയിരുത്തുന്നതും തുടരുകയാണ്. ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിനായി പ്രത്യേക റജിസ്ട്രിയും മാലിന്യ ശേഖരണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.നയാഗ്ര റീജിയൻ, പ്രവിശ്യാ സർക്കാർ, മറ്റ് ഏജൻസികൾ എന്നിവരുമായി സഹകരിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!