റിയാദ്: ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ള നിരോധിത പദാർഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പ്രമുഖ ബ്രാൻഡുകളുടെ കോഫി, ചോക്ലേറ്റ് ഉൽപ്പന്നങ്ങൾ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു.പരിശോധനയിൽ നോർട്ടഡലാഫിൻ (Nortadalafil) എന്ന നിരോധിത പദാർഥം കണ്ടെത്തിയതോടെയാണ് നടപടി. ബാർസ കഫേ, ബാർസ ചോക്കോ, ബെന്റാൻ സ്കൈ എന്നീ ബ്രാൻഡുകളുടെ 100 ഗ്രാം സാഷെ ഉൽപ്പന്നങ്ങളെയാണ് പിൻവലിച്ചിരിക്കുന്നത്.
ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ടെന്ന് എസ്‌എഫ്‌ഡിഎ മുന്നറിയിപ്പ് നൽകി.ബാധിത ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പൂർണമായും പിൻവലിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ഉപഭോക്താക്കൾ ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കി വാങ്ങിയ സ്ഥലത്ത് തിരികെ നൽകുകയോ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയോ ചെയ്യണമെന്ന് അതോറിറ്റി നിർദേശിച്ചു.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഉൽപ്പന്നങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു.
