ടൊറന്റോ: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടൊറന്റോയിലെ പ്രശസ്തമായ ‘ടേസ്റ്റ് ഓഫ് ദി ഡാന്‍ഫോര്‍ത്ത്’ (Taste of the Danforth) തെരുവ് സാംസ്‌കാരികോത്സവം തിരിച്ചെത്തുന്നു. ഇതിന്റെ ഭാഗമായി ഈ വാരാന്ത്യത്തില്‍ ഡാന്‍ഫോര്‍ത്ത് അവന്യൂവിന്റെ പ്രധാന ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ബ്രോഡ്വ്യൂ അവന്യൂവിനും ജോണ്‍സ് അവന്യൂവിനും ഇടയിലുള്ള റോഡുകളില്‍ വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3 മണി വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാരണങ്ങളാലാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി മേള സംഘടിപ്പിക്കാന്‍ കഴിയാതിരുന്നത്. വാരാന്ത്യം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികോത്സവത്തില്‍ 16 ലക്ഷത്തോളം (1.6 ദശലക്ഷം) ആളുകള്‍ പങ്കെടുക്കുമെന്നാണ് പോലീസ് കണക്കാക്കുന്നത്. വന്‍ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങളും പോലീസ് സാന്നിധ്യവും ശക്തമാക്കിയിട്ടുണ്ട്.

മേളയുടെ തിരിച്ചുവരവിനായി പ്രവിശ്യാ സര്‍ക്കാരും ടൊറന്റോ നഗരസഭയും രണ്ട് ലക്ഷം ഡോളര്‍ വീതം സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ഫെഡറല്‍ സര്‍ക്കാരും ഒരു ലക്ഷം ഡോളര്‍ സഹായം നല്‍കുമെന്ന് വ്യക്തമാക്കിയതോടെയാണ് തെരുവ് മേളയ്ക്ക് വീണ്ടും വഴിയൊരുങ്ങിയത്.
