കലിഫോര്‍ണിയ: അമേരിക്കയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന പഞ്ചാബ് സ്വദേശിയായ യുവാവ് വെടിയേറ്റു മരിച്ചു. പട്യാല ജില്ലയിലെ അടലാന് സ്വദേശിയായ ഖുഷ്കരണ്‍ദീപ് സിങ് (24) ആണ് കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ടത്. അജ്ഞാതരുടെ വെടിയേറ്റ നിലയില്‍ വിജനമായ വനമേഖലയില്‍ നിന്നാണ് കലിഫോര്‍ണിയ പൊലീസ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ജൂലൈ 30 മുതല്‍ ഖുഷ്കരണ്ദീപിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അമേരിക്കന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് യുവാവിന് വെടിയേറ്റതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

മികച്ച തൊഴില്‍ അവസരങ്ങള്‍ തേടി അഞ്ച് വര്‍ഷം മുന്‍പാണ് ഖുഷ്കരണ്‍ദീപ് സിങ് അമേരിക്കയിലെത്തിയത്. മകന്റെ മൃതദേഹം സ്വന്തം നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അടിയന്തര സഹായം തേടിയിരിക്കുകയാണ് ഖുഷ്കരണ്ദീപിന്റെ കുടുംബം.
