പാലക്കാട്: ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയെന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അടിയന്തര സാഹചര്യമുണ്ടായാല്‍ ആയങ്കിയെ വെടിവെയ്ക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘വെടിവെച്ചാലും മുട്ടുകുത്തില്ല’ എന്ന തരത്തിലുള്ള അര്‍ജുന്‍ ആയങ്കിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, നാട്ടിലുള്ള ഗുണ്ടകള്‍ പലതും പറയും, അതൊക്കെ നോക്കാം എന്നായിരുന്നു മന്ത്രിയുടെ പരിഹാസരൂപേണയുള്ള മറുപടി.
പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്ന പ്രതിക്കായി തിരച്ചില്‍ ശക്തമായി തുടരുന്നതിനിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷന്‍ തൂഫാന്‍’ രണ്ടാംഘട്ടം ഓണത്തിനു ശേഷം ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 9,200-ലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും 7,000-ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ 100 കോടിയിലധികം രൂപയുടെ രാസലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. രണ്ടാംഘട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാകും നടപ്പാക്കുക. കൊറിയര്‍ സര്‍വീസുകള്‍ വഴി ലഹരിമരുന്ന് കടത്തുന്ന രീതി വച്ചുപൊറുപ്പിക്കില്ലെന്നും, ലഹരിക്കടത്തിന് ഒത്താശ ചെയ്യുന്ന സ്വകാര്യ കൊറിയര്‍ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഓണക്കാലത്തെ അനധികൃത സ്പിരിറ്റ് കടത്ത് തടയാന്‍ കര്‍ശന ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 15-ഓടെ കേരള പൊലീസില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പിലാക്കും. സ്റ്റേഷനുകളെ ‘മൈ പൊലീസ് സ്റ്റേഷന്‍’ എന്ന സങ്കല്‍പ്പത്തിലേക്ക് മാറ്റും. കസ്റ്റഡി മര്‍ദനങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ ആഭ്യന്തര മന്ത്രിയുടെ ഓഫീസിലിരുന്ന് എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ തത്സമയം നിരീക്ഷിക്കുന്ന ഹൈടെക് സംവിധാനം വരികയാണ്. പൊതുജനങ്ങളുമായുള്ള പെരുമാറ്റം വിലയിരുത്താന്‍ ഫീഡ്ബാക്ക് സംവിധാനവും ഏര്‍പ്പെടുത്തും. അതേസമയം, വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ചൊല്ലുന്നത് സംബന്ധിച്ച് ഉത്തരവുകളൊന്നും ഇറങ്ങിയതായി തനിക്കറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
