ഓട്ടവ: യു.എസുമായി വ്യാപാര തര്‍ക്കങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും നിലനില്‍ക്കുമ്പോഴും, പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോള്‍ സഹായിക്കാന്‍ കനേഡിയന്‍ ജനത ശക്തമായി നിലകൊള്ളുന്നതായി പുതിയ സര്‍വേ ഫലം. നാനോസ് റിസര്‍ച്ച നടത്തിയ അഭിപ്രായ സര്‍വേയില്‍ അഞ്ചില്‍ നാല് കനേഡിയന്മാര് (80 ശതമാനം) ദുരന്ത നിവാരണത്തിനായി തങ്ങളുടെ അടിയന്തര സേനാംഗങ്ങളെ അമേരിക്കയിലേക്ക് അയക്കുന്നതിനെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കി. 18 ശതമാനം ആളുകള്‍ മാത്രമാണ് ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചത്.
ട്രംപ് ഭരണകൂടം കാനഡയ്ക്കുമേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള അടിസ്ഥാന സൗഹൃദത്തെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് ബാധിക്കാന്‍ കനേഡിയന്‍ ജനത അനുവദിക്കുന്നില്ലെന്ന് നാനോസ് റിസര്‍ച്ച് ചീഫ് ഡാറ്റാ സയന്റിസ്റ്റ് നിക് നാനോസ് വ്യക്തമാക്കി. 1982 മുതല്‍ പ്രകൃതിദുരന്തങ്ങളും കാട്ടുതീയും നേരിടാന്‍ ഇരുരാജ്യങ്ങളും പരസ്പരം വിഭവങ്ങള്‍ പങ്കുവെച്ച് സഹകരിച്ചു വരുന്നുണ്ട്.

കഴിഞ്ഞ മാസം വടക്കന്‍ ഒന്റാരിയോയിലുണ്ടായ കാട്ടുതീയുടെ പുക അതിര്‍ത്തി കടന്നതിനെ തുടര്‍ന്ന് ട്രംപ് കാനഡയ്ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നെങ്കിലും, പൊതുജന നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല. 2005-ലെ കത്രീന ചുഴലിക്കാറ്റ്, 9/11 ഭീകരാക്രമണ സമയം, 1979-ലെ ഇറാന് ബന്ദി പ്രതിസന്ധി തുടങ്ങിയ ചരിത്രപരമായ ഘട്ടങ്ങളിലെല്ലാം കാനഡ അമേരിക്കയ്ക്ക് നല്കിയ വലിയ സഹായങ്ങളും റിപ്പോര്‍ട്ടില്‍ ഓര്‍മ്മിപ്പിക്കുന്നു.
