ബീജിങ്: കിഴക്കൻ ചൈനയിൽ കനത്ത നാശനഷ്ടം വിതച്ച് ‘ഡോൾഫിൻ’ ചുഴലിക്കാറ്റ്. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ 10 ലക്ഷത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച വൈകിട്ട് സെജിയാങ് പ്രവിശ്യയിലെ യുഹുവാനിലാണ് ചുഴലിക്കാറ്റ് ആദ്യം കരതൊട്ടത്. ഏകദേശം ഒരു മണിക്കൂറിന് ശേഷം വെൻഷോ നഗരത്തിലും ചുഴലിക്കാറ്റ് വീശിയടിച്ചു. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയതിനെ തുടർന്ന് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ചുഴലിക്കാറ്റിനെ തുടർന്ന് മേഖലയിലെ ഗതാഗത സംവിധാനങ്ങളും താറുമാറായി. ഷാങ്ഹായിൽ മാത്രം 1,400 വിമാന സർവീസുകൾ റദ്ദാക്കി. മുന്നൂറോളം ഫെറി സർവീസുകളും നിർത്തിവച്ചു.

നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവാക്കാനായെന്നാണ് വിലയിരുത്തൽ. തിങ്കളാഴ്ച രാവിലെയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി അധികൃതർ അറിയിച്ചു. നിലവിൽ ചുഴലിക്കാറ്റ് ചൈനയുടെ ഉൾപ്രദേശങ്ങളിലേക്ക് നീങ്ങുകയാണ്.
ഷാൻഡോങ്, ഹെനാൻ, ഹുബെയ്, അൻഹുയി, ജിയാങ്‌സു, സെജിയാങ് പ്രവിശ്യകളിലും ഷാങ്ഹായ് നഗരത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
ചൈനയ്ക്ക് പുറമെ തായ്‌വാൻ, ജപ്പാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
