തിരുവനന്തപുരം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തിളങ്ങിയ മലയാളി താരങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ അംഗീകാരം. കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ്ങ് ജംപില്‍ വെള്ളി മെഡല്‍ നേടിയ ശ്രീശങ്കര്‍ മുരളി, പാര അത്‌ലറ്റിക്‌സ് 100 മീറ്ററില്‍ വെള്ളി നേടിയ മുഹമ്മദ് ബാസില്‍ എന്നിവര്‍ക്ക് 20 ലക്ഷം രൂപ വീതം പാരിതോഷികം നല്‍കും. അണ്ടര്‍ 12 ലോക ചെസ്സ് ചാമ്പ്യനായ ദിവി ബിജേഷ്, അണ്ടര്‍ 23 ഏഷ്യന്‍ ഗെയിംസ് മിക്‌സഡ് റിലേയില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്ന സാന്ദ്ര മോള്‍ സാബു എന്നിവര്‍ക്കും 20 ലക്ഷം രൂപ വീതം സമ്മാനിക്കും.
ഇതിനുപുറമെ, കോമണ്‍വെല്‍ത്ത് ഗെയിംസ് നീന്തല്‍ ഫൈനലിലെത്തിയ സാജന്‍ പ്രകാശ്, 4*400 മീറ്റര്‍ മിക്‌സഡ് റിലേ ഫൈനലിസ്റ്റായ അന്‍സ ബാബു എന്നിവര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കും. ശ്രീശങ്കറിന്റെയും മുഹമ്മദ് ബാസിലിന്റെയും പരിശീലകര്‍ക്ക് 2 ലക്ഷം രൂപ വീതവും ലഭിക്കും.

നിലവിലെ മാനദണ്ഡപ്രകാരം സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍ക്ക് 5 ലക്ഷം രൂപയും വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 3 ലക്ഷവും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 1 ലക്ഷം രൂപയുമാണ് പാരിതോഷികമായി നല്‍കാനാവുക. ഈ തുക കുറവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുക വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.
